ലാവ്‌ലിനില്‍ പിണറായിയെ വെറുതെ വിട്ടത് നിയമവിരുദ്ധമെന്ന് സിബിഐ;സാക്ഷിമൊഴികളോ തെളിവുകളോ പരിശോധിക്കാതെയായിരുന്നു നടപടി

single-img
9 March 2017

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ വെറുതെ വിട്ടത് നിയമവിരുദ്ധമെന്ന് സിബിഐ. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് സിബിഐയുടെ വാദം.സാക്ഷിമൊഴികളോ തെളിവുകളോ പരിശോധിക്കാതെയാണ് നടപടിയെന്നും സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

 

സാക്ഷിമൊഴികളോ തെളിവുകളോ പരിഗണിക്കാതെയാണ് കേസില്‍ പ്രതികളെ വെറുതെ വിട്ടതെന്ന് സിബിഐ അഭിഭാഷകന്‍ പറഞ്ഞു. പ്രതികളുടെ വാദങ്ങള്‍ അതേപടി അംഗീകരിച്ച് കോടതി ഉത്തരവ് ഇറക്കുകയായിരുന്നെന്നും സിബിഐ കുറ്റപ്പെടുത്തി.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്.പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന ഇടപാടിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്.

സിബിഐയുടെ ഹര്‍ജിയില്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് വാദം തുടങ്ങിയത്. സിബിഐയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നാഗരാജാണ് ഹാജരായത്. റിവിഷന്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിബിഐ വാദത്തിലും ഉന്നയിക്കുന്നത്.