മറൈൻഡ്രൈവിലെ സദാചാര ഗുണ്ടായിസം:ശിവസേന ജില്ലാ പ്രസിഡന്റ് അടക്കം എട്ടുപേര്‍ അറസ്റ്റിൽ;പൊലീസ് കാവലിൽ നടന്ന സദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിയമസഭയിലും ചർച്ചയാകും

single-img
9 March 2017

കൊച്ചി: മെറെന്‍ഡ്രൈവില്‍ യുവതീയുവാക്കള്‍ക്കു നേരേ ശിവസേനപ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം.വടക്കേ അറ്റത്തുള്ള അബ്‌ദുള്‍കലാം മാര്‍ഗ്‌ വാക്ക്‌വേയില്‍ ഒരുമിച്ചിരുന്നവരെ ചൂരലിന്‌ അടിച്ചോടിക്കുകയായിരുന്നു. ഇന്നലെ െവെകിട്ട്‌ നാലിനായിരുന്നു സംഭവം. വിദ്യാര്‍ഥികളായ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ചീത്തവിളിച്ചും മര്‍ദിച്ചും ഓടിക്കുകയായിരുന്നു. കുടചൂടി പ്രേമം അനുവദിക്കില്ലെന്ന്‌ മുദ്രാവാക്യം വിളിച്ചായിരുന്നു ശിവസേനക്കാരുടെ അതിക്രമം.

 

നഗരത്തിലെ ഏറ്റവും പ്രധാനവും തിരക്കേറിയതുമായ മറൈന്‍ ഡ്രൈവ് മുഴുവന്‍ സമയവും പൊലീസിന്റെ കനത്ത നിരീക്ഷണത്തിലുള്ളസ്ഥലമാണ്്. മറൈന്‍ ഡ്രൈവില്‍നിന്ന് നൂറ് മീറ്റര്‍ മാത്രമേയുള്ളൂ ഐജിയുടെയും സിറ്റി പൊലീസ് കമ്മിഷണറുടെയും ഓഫീസിലേക്ക്. ഇതിനോട് ചേര്‍ന്ന് തന്നെയാണ് ആംഡ് പൊലീസ് ആസ്ഥാനവും. മറൈന്‍ ഡ്രൈവില്‍ എല്ലാ സമയത്തും മഫ്ടിയിലും അല്ലാതെയും പൊലീസ് കാവല്‍ നില്‍ക്കാറുണ്ട്. ശിവസേന ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോഴും സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നു.

 

അതിനിടെ വനിതാദിനത്തില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് പൊലീസിന്റെ അറസ്റ്റ്. ജില്ലാ പ്രസിഡന്റ് ടി.ആര്‍ ദേവന്‍, കെ.വൈ കുഞ്ഞുമോന്‍, കെ.യു രതീഷ്,എ.വി വിനീഷ്,ടി.ആര്‍ ലെനിന്‍,കെ.കെ ബിജു, അരവിന്ദന്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും യുവതിയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് ഇവര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തത്. മര്‍ദിച്ചതായി ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.

 

പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും ഒന്‍പത് പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

 

മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ്, അഴീക്കല്‍ ബീച്ച്, കനകക്കുന്ന് മൈതാനം എന്നിവിടങ്ങളില്‍ സദാചാരഗുണ്ടായിസം അരങ്ങേറിയപ്പോള്‍ പിണറായി സര്‍ക്കാര്‍ മൗനം പാലിച്ചതാണ് കൊച്ചിയിലും ആവര്‍ത്തിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

 

മറൈന്‍ ഡ്രൈവില്‍ യുവതി-യുവാക്കള്‍ക്ക് നേരെ ശിവസേനാ പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസം അങ്ങേയറ്റം അപലപനീയമാണെന്ന് കെ.പിസി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 

ശിവസേനയുടെ കാട്ടാളത്തിന് കൈയുംകെട്ടി നോക്കിനിന്ന പൊലീസ് നടപടിക്കെതിരെ സിപിഐഎം എറണാകുളം ജില്ലാസെക്രട്ടറി പി.രാജീവും രംഗത്തെത്തി.