വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണം: വീഴ്ച പറ്റിയ എസ്.ഐക്ക് സസ്പെന്‍ഷന്‍ സി.ഐക്കും ഡി.വൈ.എസ്.പിക്കുമെതിരെ വകുപ്പുതല അന്വേഷണം

single-img
9 March 2017


പാലക്കാട്: വാളയാറില്‍ സഹോദരിമാരുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന നിഗമനത്തെത്തുടര്‍ന്ന് എസ്.ഐ പി.സി ചാക്കോയെ സസ്പെന്‍ഡ് ചെയ്തു. സി.ഐ, ഡി.വൈ.എസ്.പി എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് തൃശൂര്‍ റേഞ്ച് ഐ.ജി ഉത്തരവിട്ടു. പാലക്കാട് എസ്.പിയുടെ ചുമതലകൂടി വഹിക്കുന്ന മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബഹ്റയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പോലീസിന് വീഴ്ച സംഭവിച്ചുവോയെന്ന് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെടുകയും ഉത്തരമേഖലാ എ.ഡി.ജി.പി രാജേഷ് ദിവാന്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തിരുന്നു.

മൂത്തകുട്ടിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും പോലീസ് ഇക്കാര്യം അവഗണിച്ചുവെന്ന പരാതി ഉയര്‍ന്നിരുന്നു. മൂത്ത കുട്ടി മരിച്ച ജനുവരി 13 ന് രണ്ടുപേര്‍ മുഖംമറച്ച് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് ഇളയകുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതും പോലീസ് ഗൗരവമായി പരിഗണിച്ചില്ല. വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ അന്വേഷണ സംഘത്തില്‍നിന്ന് എസ്.ഐ പി.ടി ചാക്കോയെ കഴിഞ്ഞ ദിവസം നീക്കിയിരുന്നു.

വാളയാറിലെ ശെല്‍വരാജ്-ഭാഗ്യം ദമ്പതികളുടെ പതിനൊന്നുകാരിയായ മൂത്തമകള്‍ ഹൃതിക ജനുവരി 13-നും ഒമ്പതുകാരിയായ ഇളയമകള്‍ ശരണ്യ മാര്‍ച്ച് നാലിനുമാണ് ഒറ്റമുറി വീട്ടിലെ ഉത്തരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഒന്നര മാസത്തിനിടെ സഹോദരിമാര്‍ ഒരേ രീതിയില്‍ മരിച്ചത് നാട്ടുകാരില്‍ദുരൂഹത വര്‍ധിപ്പിച്ചിരുന്നു.