ന്യൂക്ലിയര്‍ ടെക്‌നോളജി,കോസ്‌മെറ്റിക് സര്‍ജറി, റോക്കറ്റുകള്‍,വിമാനങ്ങള്‍ തുടങ്ങിയവയുടെ ഉപജ്ഞാക്കള്‍ ഹൈന്ദവാചാര്യന്മാര്‍;വിചിത്ര കണ്ടെത്തലുമായി ഗുജറാത്ത് സര്‍വകലാശാല!

single-img
9 March 2017


ഗുജറാത്തിലെ വഡോദരയിലുള്ള മഹാരാജ സയജിറാവു സര്‍വകലാശാലയാണ് വിചിത്രമായ ചില വാദങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.തങ്ങളുടെ വാര്‍ഷിക ഡയറിയിലാണ് വിവിധ പ്രാചീന മഹര്‍ഷികളെ പല ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെയും പിതൃത്വം നല്‍കി സര്‍വകലാശാല ആദരിച്ചിരിക്കുന്നത്.

ന്യൂക്ലിയര്‍ ടെക്‌നോളജി,കോസ്‌മെറ്റിക് സര്‍ജറി,വിമാനങ്ങള്‍,റോക്കറ്റുകള്‍ തുടങ്ങിയവയുടെയെല്ലാം കണ്ടുപിടിത്തങ്ങള്‍ നടത്തിയത് ഹൈന്ദവാചാര്യന്മാരെന്നാണ് യൂനിവേഴ്‌സിറ്റിയുടെ ‘നൂതന’ പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.

ഇന്‍സ്റ്റിട്ട്യൂട്ടിന്റെ 2017 ലെ ഔദ്യോഗിക ഡയറി അനുസരിച്ച് കോസ്‌മെറ്റിക് സര്‍ജറിയുടെ ഉപജ്ഞാതാവ് ശുശ്രുതനാണ്. കനദാചാര്യനാണ് ന്യൂക്ലിയാര്‍ സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാവ്.കപില മഹര്‍ഷിക്ക് ‘പ്രപഞ്ച ശാസ്ത്രജ്ഞന്‍’ പട്ടവും. റോക്കറ്റുകളും വിമാനങ്ങളും കണ്ടുപിടിച്ചതാകട്ടെ ഭരധ്വാജ മുനിയും. ചരക മുനിയാണ് വൈദ്യശാസ്ത്രത്തിന്റെ പിതാവ്. നക്ഷത്രങ്ങളുടെ ശാസ്ത്രജ്ഞനാവട്ടെ ഗര്‍ജ മഹര്‍ഷിയും.ഏകദേശം 2000 കോപ്പി ഡയറികള്‍ ഇതിനോടകം തന്നെ വിറ്റു കഴിഞ്ഞിട്ടുണ്ട്!

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതാവും .’ശിക്ഷാ ബചാവോ ആന്ദോളന്‍ സമിതി’യുടെ സ്ഥാപകനുമായ ദിനനാത് ഭദ്രയുടെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഡയറി തയ്യാറാക്കിയതെന്നാണ് ഡയറിയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

പബ്ലിക്കേഷന്‍ കമ്മിറ്റിയുടെ ഇന്‍ചാര്‍ജറായ പ്രൊ.അജയ് അഷ്ടപുത്രെ പറയുന്നത് ഇത്തരത്തിലുള്ളൊരു ഉള്ളടക്കം ഡയറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് യൂനിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന സിന്റിക്കേറ്റ് മെമ്പറായ ജിഗ്നേഷ് സോണിയാണ്. 1951 മുതല്‍ 77 വരെ നിലനിന്നിരുന്ന ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ ഒരു പ്രമുഖ ആര്‍.എസ്.എസ് നേതാവിന്റെ മകന്‍ കൂടിയാണിദ്ദേഹം.
‘ജ്ഞാനി എന്ന പദത്തിനര്‍ത്ഥം ശാസ്ത്രജ്ഞന്‍ എന്നാണെന്നും തങ്ങളുടേതായ മേഖലകളില്‍ പഠനം നടത്തിയ മുനിമാര്‍ അവരുടെ ഇടയില്‍ ശാസ്ത്രജ്ഞരായിട്ടാണ് അറിയപ്പെടുന്നതെന്നുമാണ’ ജിഗ്നേഷ് സോണി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരിക്കുന്നത്.

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ അവകാശവാദമുന്നയിക്കല്‍ ഹിന്ദുത്വ ദേശീയ വാദികള്‍ക്ക് പുത്തരിയൊന്നുമല്ല.പക്ഷേ ചിലത് വസ്തുതകളുടെ അടിസ്ഥാനത്തിലുമാവാം.ഉദാഹരണമായി,ബിസി 500-ാം നൂറ്റാണ്ടില്‍ രചിച്ച തന്റെ ‘ശുശ്രുത സംഹിത’ യില്‍ ഒരാളുടെ കവിളില്‍ നിന്നു ചര്‍മ്മം നീക്കം ചെയ്ത് മൂക്കില്‍ വച്ചു പിടിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് ശുശ്രുതന്‍ വിവരിക്കുന്നുണ്ട്.

എന്നാല്‍ ഇവരുടെ ചില വാദങ്ങള്‍ പുരാണ ഗ്രന്ഥങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള യാതൊരു അടിസ്ഥാനവുമില്ലാത്ത വസ്തുതകളാണ്‌
.വിശ്വസനീയമല്ലാത്ത ഇത്തരം പല വാദങ്ങളുമായി മുമ്പേയും അവര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിനരേന്ദ്രമോദി 2014 ല്‍ ഒരു വേദിയില്‍വെച്ച് പറഞ്ഞത ,പൗരാണികകാലത്തെ ഇന്ത്യക്കാര്‍ക്ക് ജനിതക ശാസ്ത്രം അറിയുമെന്നതിന്റെ തെളിവാണ് ‘മഹാഭാരത’ ത്തിലെ മാതാവിന്റെ ഗര്‍ഭപാത്രത്തിന് പുറത്തുനിന്നും ജനിച്ച കര്‍ണ്ണന്‍ എന്നും, പൗരാണിക കോസമെറ്റിക് സര്‍ജറിയുടെ ഉദാഹരണമാണ് ആനത്തലയും മനുഷ്യശരീരവുമുള്ള ‘ഗണപതി’ എന്നുമാണ്. ഹോസ്പിറ്റലില്‍ വെച്ച് പ്രശസ്തരായ ഒരു സംഘം ഡോകടര്‍മാരുടെ സദസ്സിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മോദിയുടെ ഈ വിടുവായത്തം എന്നത് ഈ വാദത്തിന് പ്രത്യേകത ഏറുന്നു. യഥാര്‍ത്ഥ സയന്‍സിനെ മിത്തുകളുമായി കൂട്ടിക്കുഴക്കുകയാണ് അദ്ദേഹം എന്നായിരുന്നു ഡോക്ടേഴ്‌സിന്റെ മറുപടി.