ശിവസേനയുടെ സദാചാര ഗുണ്ടായിസം: പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍

single-img
9 March 2017

കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസിന് ഗുരുതരമായ വീഴ്ച പറ്റിയതായി മുഖ്യന്ത്രി പിണറായി വിജയന്‍. അക്രമികളെ പിന്തിരിപ്പിക്കന്‍ പോലീസ് ശ്രമിച്ചില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഷയത്തില്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും പൊലീസ് ശിവസേനക്കാരെ തടഞ്ഞില്ലെന്നും പിണറായി പറഞ്ഞു. സ്ത്രീകളേയും പുരുഷന്‍മാരേയും ശിവസേനക്കാര്‍ അടിച്ചോടിച്ചെന്നും പൊലീസിന്റേത് ഗുരുതര കുറ്റമാണെന്നും പിണറായി വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ കാപ്പ പ്രയോഗിക്കാനും തയ്യാറാണ്. രാഷ്ട്രീയക്കാരെന്ന പരിഗണന ശിവസേനക്ക് നല്‍കില്ലെന്നും പിണറായി പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരമാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ വിശ്രമിക്കാനെത്തിയ യുവതി യുവാക്കള്‍ക്കെതിരെ ശിവസേനക്കാര്‍ അക്രമം അഴിച്ചുവിട്ടത്. പോലീസ്
നില്‍ക്കെ ചൂരലുകൊണ്ട് യുവതീ യവാക്കളെ അടിച്ചോടിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ഇന്ന് മറൈന്‍ ഡ്രൈവില്‍ ചുംബനസമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ് ഐ പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിക്കും.