മറൈന്‍ഡ്രൈവിലെ സദാചാര ഗുണ്ടായിസം : പ്രതിക്ഷധവുമായി ഡിവൈഎഫ്‌ഐയുടെ സ്‌നേഹ ഇരിപ്പ് സമരം ആരംഭിച്ചു; ചുംബന സമരവുമായി കിസ് ഓഫ് ലൗ പ്രവര്‍ത്തകരും രംഗത്ത്.

single-img
9 March 2017
കൊച്ചി: മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര  ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ സ്‌നേഹ ഇരിപ്പ് സമരം ആരംഭിച്ചു. ഇന്നുരാവിലെ പത്തുമണിക്ക് സൗഹാര്‍ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനാവശ്യമില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മറൈന്‍ഡ്രൈവില്‍ സ്‌നേഹ ഇരുപ്പ് സമരം തുടങ്ങിയത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തില്‍ ജില്ലയിലെ വിവിധ കലാലയത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും മറ്റ് പൊതു സാമൂഹ്യ പ്രവര്‍ത്തകരും അണിനിരന്നു.
മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കളെ ശിവസേനക്കാര്‍ ചൂരലെടുത്ത് അടിച്ച് വിരട്ടിയോടിച്ചതില്‍് പ്രതിക്ഷേധിച്ച് വീണ്ടും ചുംബന സമരവുമായി കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇന്ന് വൈകിട്ട് കിസ്സ് ഓഫ് ലൗ പ്രവര്‍ത്തകരും മറൈന്‍ഡ്രൈവില്‍ പ്രതിഷേധത്തിനായി ഒത്തുകൂടുന്നുണ്ട്.
അതേസമയം കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ഏത് തരത്തിലുളള പ്രതിഷേധമാണ് സംഘടിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. മറൈന്‍ ഡ്രൈവില്‍ നടക്കാനിരിക്കുന്ന ചുംബനസമരം പോലീസ് തടഞ്ഞാലും മുന്നോട്ട് പോവുമെന്ന് കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചുംബനസമരത്തില്‍ ആര്‍ക്കും പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. സമാന ചിന്താഗതിക്കാരായ എല്ലാവരെയും മറൈന്‍ ഡ്രൈവിലേക്കു സ്വാഗതം ചെയ്യുന്നുവെന്നും കിസ് ഓഫ് ലൗവിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇവര്‍ അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരമാണ് പോലീസ് നോക്കി നില്‍ക്കെ മറൈന്‍ഡ്രൈവില്‍ വിശ്രമിക്കുകയായിരുന്ന യുവതീയുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍കൊണ്ട് അടിച്ച് ഓടിച്ചത്. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലാവുകയും ഇരുപത് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.