‘മകന്‍ രാജ്യദ്രോഹിയെങ്കില്‍ മൃതദേഹം ഏറ്റുവാങ്ങില്ല’; ഭീകരവിരുദ്ധ സേനയുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട സെയ്ഫുള്ളയുടെ അച്ഛന്‍

single-img
8 March 2017

ലക്നൗ: ചൊവ്വാഴ്ച ലക്നൗവില്‍ ഭീകരവിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരബന്ധം സംശയിക്കുന്ന സെയ്ഫുള്ളയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അച്ഛന്‍ സര്‍താജ്. ഒരു രാജ്യദ്രോഹിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് കാണ്‍പൂരുകാരനായ സര്‍താജിന്റെ പ്രതികരണം.

ആ വഞ്ചകന്‍ ഞങ്ങളുടെ മകനല്ല. ഞങ്ങള്‍ ഇന്ത്യാക്കാരാണ്. ഞങ്ങള്‍ ഇവിടെയാണ് ജനിച്ചത്. ഞങ്ങളുടെ പൂര്‍വികരും ഇവിടുത്തുകാരാണ്.
ദേശദ്രോഹ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവന്‍ ഞങ്ങളുടെ മകനല്ല. അവന്റെ മൃതദേഹം ഞങ്ങള്‍ക്ക് വേണ്ട. അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സെയ്ഫുള്ളയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഞാന്‍ അറിഞ്ഞത്. ഞങ്ങളുടെ വാക്കുകള്‍ ഒരിക്കലും അവന്‍ കേട്ടിരുന്നില്ല, അതിനാല്‍ അവന്റെ മൃതദേഹം വാങ്ങില്ല. ഞങ്ങളുടെ ആഗ്രഹത്തിനും താല്‍പര്യത്തിനും എതിരായാണ് അവന്‍ പ്രവര്‍ത്തിച്ചത്.എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അധ്യാപകനായ സര്‍താജിന്റെ പ്രതികരണം.

ഇന്ത്യയില്‍ പുതിയതായി രൂപീകരിച്ച ഇസ്ലാമിക് സ്റ്റേറ്റിന്റെ ചെറിയ ഘടകത്തിലെ ഒമ്പത് പേരില്‍ ഒരാളാണ് സെയ്ഫുള്ളയെന്നാണ് സംശയിക്കുന്നത്. ഭീകരബന്ധം സംശയിക്കുന്ന സെയ്ഫുള്ള അടക്കം 9 അംഗങ്ങളാണ് ഭോപ്പാല്‍- ഉജ്ജെയ്ന്‍ ട്രെയിനില്‍ പൈപ്പ് ബോംബ് സ്ഥാപിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 20 വയസ് പ്രായമുള്ള 9 മുസ്ലീം യുവാക്കള്‍ ഓണ്‍ലൈനിലൂടെ ഐഎസ് പ്രചാരണത്തിന്റെ ഭാഗമാവുകയും പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നുമാണ് എന്‍ഐഎ പറയുന്നത്. കുറച്ച് നാളുകളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു.