ഉജ്ജയ്ന്‍ പാസഞ്ചര്‍ ട്രെയിനിലെ സ്‌ഫോടനത്തിനു പിന്നില്‍ ഐഎസ് ഭീകരവാദികൾ;കൊല്ലപ്പെട്ട ഭീകരന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നും ഐഎസ് പതാകയും ആയുധങ്ങളും കണ്ടെത്തി

single-img
8 March 2017

ഷാജാപ്പുര്‍ (മധ്യപ്രദേശ്) : ഭോപ്പാല്‍ – ഉജ്ജയ്ന്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ ഉഗ്രസ്‌ഫോടനത്തിനു പിന്നില്‍ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ആണെന്നു സൂചന. ഈ ആക്രമണത്തിനു നേതൃത്വം നല്‍കിയ ആളെന്നു സംശയിക്കുന്ന സൈഫുല്ല എന്ന ഭീകരനെ ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ചില്‍ 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കൊലപ്പെടുത്തിയിരുന്നു.

ഇയാളില്‍നിന്ന് ഐഎസിന്റെ പതാകയും ട്രെയിന്‍ സമയം രേഖപ്പെടുത്തിയ ടൈം ടേബിളും കണ്ടെടുത്തായി ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ അസിം അരുണ്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ ആക്രമണങ്ങള്‍ക്കാണ് ഇയാള്‍ ഉള്‍പ്പെട്ടസംഘം പദ്ധതിയിട്ടിരുന്നതെന്നാണു സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ഇന്നലെ ആരംഭിച്ച ഏറ്റുമുട്ടല്‍ രാത്രി ഏറെ വൈകിയും തുടരുകയായിരുന്നു. ആദ്യം രണ്ട് ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.പിന്നീട് നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഭോപ്പാലില്‍നിന്ന് ഉജ്ജയിനിലേക്കു പോയ പാസഞ്ചര്‍ ട്രെയിനില്‍ ചൊവ്വാ രാവിലെ 9.30നാണു സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 10 പേര്‍ക്കു പരുക്കേറ്റിരുന്നു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.സംഭവത്തെക്കുറിച്ചു മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ സംയുക്തമായി അന്വേഷണം നടത്തിവരികയാണ്. ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ സ്‌ക്വാഡും അന്വേഷണത്തില്‍ സഹായിക്കുന്നുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് എട്ടുപേരെ കസ്റ്റഡിയില്‍ എടുത്തു.

അതേ സമയം സ്‌ഫോടനത്തിനു പിന്നില്‍ ഐഎസ് ഭീകരരാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഭീകരര്‍ പൈപ്പ് ബോംബാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നും ഇതിന്റെ ചിത്രങ്ങള്‍ ഭീകരര്‍ സിറിയയിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.

സ്‌ഫോടനം ഭീകരാക്രമണമാണെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി നേരത്തെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗും ആരോപിച്ചിരുന്നു.