കളളപരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിന് കഴിയുന്നില്ല:വിമര്‍ശനവുമായി ഹൈക്കോടതി

single-img
8 March 2017

കൊച്ചി: വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിജിലന്‍സ് കേരള പൊലീസിന്റെ ഭാഗം മാത്രമാണെന്നും കളളപരാതികള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഡിജിപി ശങ്കര്‍റെഡ്ഡിയുടെ സ്ഥാനക്കയറ്റം ക്രമവിരുദ്ധമാണെന്നുളള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.

ഹര്‍ജിക്കാരന് സര്‍ക്കാര്‍ രേഖകള്‍ എങ്ങനെ കിട്ടുന്നുവെന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വിജിലന്‍സ് രൂപീകരിച്ചതിന്റെ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. പായിക്കര നവാസിന് സര്‍ക്കാര്‍ രേഖകള്‍ കിട്ടുന്നതെവിടുന്നാണെന്ന് പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നിലവില്‍ നാല്‍പ്പതിലേറെ കേസുകള്‍ നവാസിന്റേതായി വിവിധ കോടതികളില്‍ വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി
സര്‍ക്കാരിനോട് വിശദീകരണം തേടി.
വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ച് ശങ്കര്‍ റെഡ്ഡി എഴുതിയ കത്തില്‍ പായിച്ചിറ നവാസിനെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് പായിച്ചിറ നവാസിന് പിന്നിലെന്ന് പരോക്ഷമായി കത്തില്‍ പറയുന്നു. ബാര്‍, സോളാര്‍ കേസുകളിലെ പരാതിക്കാരനാണ് പായിച്ചിറ നവാസ്. കൂടാതെ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയാണ് ഇയാളെന്നും ശങ്കര്‍ റെഡ്ഡി ആരോപിച്ചിരുന്നു.