മാവോയിസ്റ്റ് ബന്ധം; ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജി.എന്‍ സായിബാബക്കെതിരെ യു.എ.പി.എ

single-img
7 March 2017

മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജി.എന്‍ സായ്ബാബ അടക്കം അഞ്ചു പേര്‍ക്കെതിരെ മഹാരാഷ്ട്രയിലെ ഗാഡ്ചിരാലി കോടതി യു.എ.പി.എ കുറ്റം ചുമത്തി. സായ്ബാബയടക്കം ആറ് പേര്‍ക്കെതിരെയാണ് യുഎപിഎ ചാര്‍ജുകള്‍ കോടതി ശരിവെച്ചത്.

പ്രൊഫസര്‍ സായ്ബാബ, ജെഎന്‍യു വിദ്യാര്‍ത്ഥി ഹേം മിഷ്ട, മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് രാഹി, വിജയ് ടിര്‍കി, പാണ്ഡു നരോട്ടെ എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ രാം ലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായ സായ്ബാബ ശരീര ചലനശേഷിയുടെ കാര്യത്തില്‍ 90% വികലാംഗനാണ്.

ഡല്‍ഹിയിലെ വസതിയില്‍ നിന്ന് 2014 മേയ് ഒമ്ബതിനാണ് സായിബാബ അറസ്റ്റിലായത്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത രേഖകളിലും പെന്‍ ഡ്രൈവുകളിലും ഹാര്‍ഡ് ഡിസ്‌ക്കുകളിലും മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയെന്നാണ് പൊലീസ് വാദം. വീല്‍ചെയര്‍ ഉപയോഗിക്കുന്ന സായ്ബാബക്ക് കഴിഞ്ഞ വര്‍ഷം സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു.

അറസ്റ്റ് ചെയ്തതിന് ശേഷം നാഗ്പൂരില്‍ വലിയ സുരക്ഷാ സന്നാഹത്തില്‍ ഒറ്റക്കുള്ള തടവറയിലാണ് പ്രൊഫസറെ ജാമ്യം കിട്ടുവരെ പാര്‍പ്പിച്ചിരുന്നത്.നക്സലുകള്‍ക്ക് വേണ്ടി പ്രകാശ് എന്ന പേരില്‍ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ടിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് സംശയാധീതമായി തെളിഞ്ഞുവെന്നാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചത്.