മണിനാദം നിലച്ചിട്ട് ഇന്നേക്ക് ഒരു വർഷം; മരണത്തിലെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരത്തിന് കുടുംബം

single-img
6 March 2017

ചാലക്കുടി: കലാഭവൻ മണി വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷമാകുന്നു. അതേസമയം മണിയുടെ മരണത്തിലെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് കടന്നു.

ചാലക്കുടി കലാമന്ദിറിൽ സഹോദരൻ രാമകൃഷ്ണൻ നടത്തിവന്ന മൂന്നുദിവസത്തെ സമരം അനിശ്ചിതകാലത്തേക്കു നീട്ടാനാണ് തീരുമാനം. രാമകൃഷ്ണന്റെ സമരത്തോട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമില്ലാത്തതുകൂടി കണക്കിലെടുത്താണ് സമരം അനിശ്ചിതകാലത്തേക്കു നീട്ടുന്നത്.

അതേസമയം ചാലക്കുടി നഗരസഭ നടത്തിയ മണി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം വിവാദത്തിലായി. മണിയുടെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന സൂചന നല്‍കിക്കൊണ്ടുള്ളതായിരുന്നു പിണറായിയുടെ പ്രസംഗം.

ചില ശീലങ്ങളിലും കൂട്ടുകെട്ടുകളിലും നിന്നും മാറി നിന്നിരുന്നെങ്കില്‍ കലാഭവന്‍ മണി ഇത്ര ചെറിയ പ്രായത്തില്‍ മരിക്കില്ലായിരുന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

മണിയുടെ ശരീരത്തിലെ വിഷാംശം അറിയാൻ നടത്തിയ ആന്തരികാവയവങ്ങളുടെ രാസപരിശോധന അട്ടിമറിച്ചെന്നും അതിനെക്കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് രാമകൃഷ്ണൻ സമരം നടത്തുന്നത്.

മണിയുടെ മരണം സ്വാഭാവിക മരണമാക്കി മാറ്റാനാണ് പൊലീസിന്റെ ശ്രമമെന്ന് രാമകൃഷ്ണൻ ആരോപിച്ചു. ശരീരത്തിൽ വിഷാംശമുണ്ടെന്ന് കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടും പുനഃപരിശോധനയ്ക്കായി നാഷണൽ ലാബിലേക്ക് അയച്ചത് ഈ ഉദ്ദേശത്തോടെയാണ്.

സീൽ ചെയ്യാതെ അയച്ച അവയവ ഭാഗങ്ങൾ ഏതു സാഹചര്യത്തിലാണ് നാഷണൽ ലാബിൽ സ്വീകരിച്ചതെന്നും രാമകൃഷ്ണൻ ചോദിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്തു തന്നെ ശരീരത്തിൽ വിഷാംശം കർന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ മഞ്ഞപ്പിത്തമാണ് മരണകാരണമെന്നാണ് പൊലീസ് റിപ്പോർട്ട് എഴുതിയത്. കുടുംബാംഗങ്ങൾ പറയാത്ത കാര്യങ്ങൾപോലും പ്രതികൾക്ക് അനുകൂലമായി പൊലീസ് എഴുതിയെന്നും രാമകൃഷ്ണൻ ആരോപിച്ചു.

ഇക്കാര്യങ്ങളിലെല്ലാം വ്യക്തത ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.