ഉത്തരവുകളിലെ ചട്ടലംഘനവുമായി ബന്ധപെട്ട് കഴിഞ്ഞ യുഡിഎഫ് സർക്കാരിനെതിരെ സിഎജിയുടെ രൂക്ഷ വിമർശനം

single-img
6 March 2017

തിരുവനന്തപുരം∙ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഭൂമി സംബന്ധിച്ച ഉത്തരവുകളിൽ ചട്ടലംഘനമുണ്ടായെന്ന് സിഎജി (കണ്‍ട്രോള്‍ ആന്റ് ഓഡിറ്റ് ജനറല്‍) റിപ്പോർട്ട്.

2014–16 കാലയളവിലെ റിപ്പോർട്ടിൽ റവന്യു, എക്സൈസ് വകുപ്പുകള്‍ക്കെതിരെയാണ് ശക്തമായ വിമർശനം. കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായി. 22.61 ഹെക്ടർ ഭൂമി തിരിച്ചെടുക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ചെയ്തില്ല.

പീരുമേട്, കണ്ണൻ ദേവൻ മലനിരകൾ എന്നിവിടങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ അവസാനഘട്ടത്തിൽ മെത്രാൻ കായൽ, കടമക്കുടി, ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതികളിലും ചട്ടലംഘനമുണ്ടായി. ഭൂനിയമങ്ങളിൽ ചട്ടം ലംഘിച്ചാണ് അനുമതി നൽകിയത്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, റവന്യുമന്ത്രിയായിരുന്ന അടൂർ പ്രകാശ്, റവന്യു സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർക്കെതിരെയും വിമർശനമുണ്ട്. ബീയർ, വൈൻ പാർലറുകൾ അനുവദിച്ചതിൽ സുതാര്യതയില്ല. ഏഴു ബാറുകൾക്കും 77 ബീയർ, വൈൻ പാർലറുകൾക്കും അനുമതി നൽകി. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട 166 ബാറുകൾക്ക് പിന്നീട് യാതൊരു പരിശോധനയുമില്ലാതെ ബീയർ, വൈൻ പാർലറുകൾ അനുവദിച്ചു. ബവ്റിജസ് കോർപറേഷൻ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 1.07 ലക്ഷം ലീറ്റർ മദ്യം ഒഴിവാക്കുന്നതിൽ വീഴ്ചപറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.