ഗവണ്‍മെന്റ് തീരുമാനങ്ങള്‍ എടുക്കുന്നത് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലോ? സെന്‍ കുമാറിനെ പോലീസ് തലപ്പത്തുനിന്നും മാറ്റിയത് വ്യക്തിതാല്പര്യമനുസരിച്ചെന്നു സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടു സുപ്രീം കോടതി

single-img
6 March 2017

ന്യൂഡല്‍ഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി. സെന്‍കുമാറിനെ നീക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. വ്യക്തിപരമായ താല്പര്യങ്ങള്‍ മുന്‍ നിര്‍ത്തായാണ് സര്‍ക്കാറിന്റെ ഈ നടപടിയെന്നും ഇത് ഗൗരവതരമായ വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതെന്നും ഇങ്ങനെ നടപടി എടുത്താല്‍ പോലീസ് തലപ്പത്ത് ആളുണ്ടാകുമോ എന്നും കോടതി വിമര്‍ശിച്ചു. ഈ നടപടിയില്‍ വരുന്ന 27-ന് മുമ്പ് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

പോലീസ് മേധാവി സ്ഥാനത്തുനിന്ന് തന്നെ നീക്കിയ നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സെന്‍കുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് മദന്‍ ബി.ലൊക്കൂര്‍ അദ്ധ്യകഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഡി.ജി.പി ആയിരുന്നപ്പോള്‍ സി.പി.എം നേതാക്കള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തിരുന്നു. ഇക്കാരണത്താല്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഡി.ജി.പി സ്ഥാനത്തു നിന്നും നീക്കം ചെയ്ത് സി.പിഎം തന്റെ ഔദ്യോഗികം ജീവിതം തകര്‍ക്കുകയായിരുന്നുമെന്നാണ് ഹരജിയില്‍ അദ്ദേഹം പറഞ്ഞത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

തന്റെ നടപടികളെ സി.പി.എം വല്ലാതെ ഭയപ്പെട്ടിരുന്നുവെന്നും താന്‍ ഡി.ജി.പി ആയിരുന്നപ്പോള്‍ കണ്ണൂരില്‍ ഒരു കൊലപാതകം മാത്രമാണ് നടന്നതെന്നും അതിനു ശേഷം ഒൻപത് കൊലപാതകങ്ങള്‍ അവിടെ നടക്കുകയുണ്ടായെന്നും പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്നെ സ്ഥലം മാറ്റിയതെന്നും സെന്‍കുമാര്‍ ആരോപിച്ചു.

എന്നാല്‍ ഇതൊരു സാധാരണ നടപടി ക്രമം മാത്രമാണെന്നാണ് സര്‍ക്കാരിന്റെ പക്ഷം. പോലീസ് മേധാവിയെന്ന നിലയില്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടവും പെരുമ്പാവൂര്‍ ജിഷ വധക്കേസും ടി.പി. സെന്‍കുമാറിന് ഫലപ്രദമായി കൈകാര്യം ചെയ്യാനായില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. കഴിഞ്ഞ സര്‍ക്കാരിന്റെ നടപടികളുടെ തുടര്‍ച്ചയായാണ് സെന്‍കുമാറിനെ നീക്കിയതെന്നും സര്‍ക്കാര്‍ പറയുന്നു.

സര്‍വീസില്‍ ഇനി അധിക കാലമില്ലെന്നും അതിനാല്‍ വേഗം നടപടി കൈക്കൊള്ളണമെന്നുമുള്ള സെന്‍കുമാറിന്റെ ആവശ്യം മുന്‍നിര്‍ത്തിയാണ് കേസ് ഈ മാസം 27 ന് വീണ്ടും പരിഗണിക്കുന്നത്.