മുംബൈ ആക്രമണത്തില്‍ തങ്ങൾക്ക് പങ്കുണ്ടായിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക് നയതന്ത്രജ്ഞന്‍

single-img
6 March 2017

ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിക്കുകയാണ് പാക്കിസ്ഥാന്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മഹ്മൂദ് അലി ദുരാനി.

2008 നവംബര്‍ 26നായിരുന്നു മുംബൈയില്‍ രാജ്യത്തെ നടുക്കിയ ആക്രമണം നടക്കുന്നത്.ഛത്രപതി ശിവജി ടെര്‍മിനല്‍, ഒബ്‌റോയി ഹോട്ടല്‍, താജ് ഹോട്ടല്‍ എന്നിവിടങ്ങളിലുള്‍പ്പെടെ നടന്ന ആക്രമണങ്ങളില്‍ വിദേശികളടക്കം 166 പേര്‍ മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് പാക്ക് സുരക്ഷാ ഉപദേഷ്ടാവായിരുന്നു അലി ദുരാനി.

പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയ്യിബ എന്ന ഭീകരസംഘടന നടത്തിയ 2008ലെ മുംബൈ ഭീകരാക്രമണം, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അങ്ങനെ ഏറ്റുപറയുന്നതിനെ താന്‍ വെറുക്കുന്നുവെന്നും പക്ഷേ, അതാണ് സത്യമെന്നും ദുരാനി പറയുകയുണ്ടായി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസില്‍ നടക്കുന്ന 19-ാമ ഏഷ്യന്‍ സുരക്ഷാ സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനിലുള്ള കൊടും ഭീകരന്‍ ഹാഫിസ് സയീദ് ഉപകാരമില്ലാത്തയാളാണെന്നും ഇയാള്‍ക്കെതിരെ പാക് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദുരാനി ആവശ്യപ്പെട്ടു.

ആക്രമണം നടത്തിയത് പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തയിബയാണെന്നാണ് നേരത്തെ തന്നെ ഇന്ത്യയുടെ നിലപാട്. പാക് ചാരസംഘടനയായ ഐഎസ്‌ഐ ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തതായും ഇന്ത്യ ആരോപിച്ചിരുന്നു. ഇന്ത്യയുടെ ഈ വാദത്തെ സാധൂകരിക്കുന്നതാണു ദുരാനിയുടെ വെളിപ്പെടുത്തല്‍. ആക്രമണവുമായ ബന്ധപ്പെട്ട് അക്കാലത്ത് താന്‍ ടെലിവിഷന്‍ ചാനലില്‍ നടത്തിയ പ്രസ്താവന പാക്ക് സര്‍ക്കാരിന് ഇഷ്ടപ്പെട്ടില്ലെന്നും ഇക്കാരണത്താലാണു തന്നെ പുറത്താക്കിയതെന്നും ദുരാനി പറഞ്ഞു.

മുംബൈ ആക്രമണത്തിനിടെ പിടിയിലായ ഭീകരന്‍ അജ്മല്‍ കസബ് പാക്ക് പൗരനാണെന്നു വെളിപ്പെടുത്തിയതിനു അന്നത്തെ പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയാണു ദുരാനിയെ സ്ഥാനഭ്രഷ്ടനാക്കിയത്. ഇന്ത്യയുടെ നിലപാടിന് അനുകൂലമായ വെളിപ്പെടുത്തലില്‍ ഏറെ കോപാകുലനുമായിരുന്നു ഗീലാനി.