കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ : അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്നു മുതല്‍ നിരാഹാര സമരത്തിൽ

single-img
4 March 2017

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നിരാഹാര സമരം ആരംഭിക്കുന്നു. ഇന്ന് മുതല്‍ മൂന്ന് ദിവസം സഹോദരന്‍ ആര്‍എല്‍ വി രാമകൃഷ്ണന്‍ ചേനത്തുനാട് കലാഗൃഹത്തിനു ്മുന്നില്‍ നിരാഹാരമനുഷ്ടിക്കും. അന്വേഷണത്തില്‍ സിബിഐ തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിലും മരണകാരണത്തില്‍ വ്യക്തത വരാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനുമെതിരെയാണ് സമരം.
മാര്‍ച്ച് ആറിന് കലാഭവന്‍ മണി മരണമടഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. അന്നേദിവസം കുടുംബത്തിലെ എല്ലാവരും നിരാഹാരത്തില്‍ പങ്കെടുക്കുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
പോലീസിന്റെ വീഴ്ചയാണെന്നും കേസ് അട്ടിമറിച്ചതാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു. മണിയുടെ പിതാവിന്റെ സ്മാരകമായ രാമന്‍ സ്മാരക കലാഗൃഹത്തിന് മുന്നിലാണ് രാമകൃഷ്ണന്‍ നിരാഹാരമിരിക്കുക.

ഒരു വര്‍ഷം മുന്‍പ് ചാലക്കുടി ചേനത്ത നാട്ടിലെ വീടിനടുത്തുള്ള പാഡിയില്‍ അവശനിലയില്‍ കണ്ടെത്തിയ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ശരീരത്തില്‍ വിഷമദ്യത്തിന്റെയും കീടനാശിനിയുടെയും സാന്നിധ്യം ഉയര്‍ത്തിയ ദുരൂഹത ഇന്നും നിലനില്‍ക്കുന്നുണ്ട്്. മരണം സംബന്ധിച്ച് ഇതുവരെ അന്വേഷണം പുരോഗമിക്കാത്ത സാഹചര്യത്തിലാണ് പ്രതിക്ഷേധം.
കലാഭവന്‍ മണി അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ ഇന്ന് മുതല്‍ ചിരസ്മരണ സംഘടിപ്പിക്കും. ഞായറാഴ്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തിങ്കളാഴ്ച നടക്കുന്ന പൊതുപരിപാടിയില്‍ പ്രമുഖ സിനിമ താരങ്ങളും പങ്കെടുക്കും.