പള്‍സര്‍ സുനിയുടെ മൊഴികളില്‍ വലഞ്ഞ് പൊലീസ്;ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്ക് മാറ്റിയെന്ന് മൊഴി

single-img
4 March 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് പിന്നില്‍ ക്വട്ടേഷനില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയതായി സൂചന. നടിയെ തെറ്റിദ്ധരിപ്പിക്കാനാണ് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ക്വട്ടേഷനാണെന്ന് പറഞ്ഞത് എന്നാണ് സംശയം. . നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുമ്പോള്‍ ഇത് ക്വട്ടേഷന്‍ ആണെന്നും വഴങ്ങിയില്ലെങ്കില്‍ മയക്കുമരുന്ന് കുത്തിവെച്ച് മയക്കി ഫ്‌ളാറ്റിലേക്ക് കൊണ്ടുചെല്ലാനാണ് നിര്‍ദേശമെന്നും പള്‍സര്‍ സുനി പറഞ്ഞതായി നടി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ ഉണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല.
തുടക്കത്തിലും പള്‍സര്‍ സുനിയെ പിടികൂടിയതിനുശേഷവും പൊലീസ് ഇക്കാര്യം വിശദമായി അന്വേഷിച്ചിരുന്നു. പള്‍സര്‍ സുനി, വടിവാള്‍ സലിം, പ്രദീപ്, തമ്മനം മണികണ്ഠന്‍, ഡ്രൈവര്‍ മാര്‍ട്ടിന്‍ എന്നിവര്‍ക്കെതിരെ മാത്രമാണ് പൊലീസിന് ഇതുവരെ തെളിവ് ലഭിച്ചിട്ടുളളത്. എന്നാല്‍ ആക്രമണം ക്വട്ടേഷനാണെന്ന് തെളിയിക്കാന്‍ സാധിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടുമില്ല. അതുകൊണ്ട് തന്നെ സംഭവത്തില്‍ മറ്റുളളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനും ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസിലെ പ്രതികളായ നാലു ഗുണ്ടകളുടെ കസ്റ്റഡി കാലാവധി അന്വേഷണ സംഘം തിങ്കളാഴ്ച വരെ നീട്ടിവാങ്ങി. ആലുവ മജിസ്‌ട്രേട്ട് കോടതിയിലാണ് അന്വേഷണ ആവശ്യം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിച്ചത്. തെളിവു ശേഖരണം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ ഇവരെ ഫലപ്രദമായി ചോദ്യം ചെയ്യാന്‍ ഇന്നലെ വരെ കഴിഞ്ഞിരുന്നില്ല. പള്‍സര്‍ സുനി, വിജീഷ് എന്നിവരുടെ കസ്റ്റഡി കാലാവധിയും നീട്ടാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഇതിനായുള്ള അപേക്ഷ ഇന്ന് സമര്‍പ്പിച്ചേക്കും.

അതിനിടെ നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്ക് മാറ്റിയെന്ന് മൊഴി. കേസിലെ പ്രധാന പ്രതിയായ സുനിൽ കുമാറാണ് മൊഴി നൽകിയത്. അഭിഭാഷകന് കൈമാറിയ ഫോണിലേക്ക് ദൃശ്യങ്ങൾ മാറ്റിയെന്നാണ് പ്രതിയുടെ മൊഴി. സുനിൽ കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഭിഭാഷകൻ കോടതിയിൽ കെെമാറിയ ഫോൺ ഫോറൻസിക് ലാബിലേക്ക് അയച്ചു.