വൈദികന്‍റെ പീഡനം: അഞ്ച് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ കേസില്‍ എട്ട് പ്രതികള്‍

single-img
4 March 2017

 

കണ്ണൂർ: കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തെ തുടർന്ന് പ്ളസ് വൺ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ അ‌ഞ്ചു കന്യാസ‌്ത്രീകളടക്കം എട്ടു പേരെ പ്രതി ചേർത്തു. കോഴിക്കോട് രൂപതയുടെ കീഴിൽ വൈത്തിരിയിൽ പ്രവർത്തിക്കുന്ന ഹോളിമേരി അനാഥാലയം മേധാവി ഫാദർ തോമസ് തേരകം, ഡോക്ടറായ ടെസി ജോസ്, ഡോ.ആൻസി മാത്യൂ, ദത്തെടുക്കൽ കേന്ദ്രത്തിലെ സിസ്‌റ്റർ അനീസ്, ഒഫീലിയ, സിസ്‌റ്റർ ബെറ്റി, പ്രധാനപ്രതി റോബിൻ വടക്കുംചേരിയുടെ സഹായി പള്ളിയിലെ വേലക്കാരി കൊട്ടിയൂർ സ്വദേശിനി തങ്കമ്മ, ഡോ.ഹൈദരലി എന്നിവരെയാണ് പ്രതി ചേർത്തത്. ഇവർക്കെതിരേ പോക്‌സോ നിയമപ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഫാ. റോബിന്‍ വടക്കുംചേരിയാണ് കേസില്‍ ഒന്നാം പ്രതി. ഇയാള്‍ ഇപ്പോള്‍ തലശേരി സബ്ജയിലിലാണ്. ഇടവകാംഗവും മാതൃവേദി അംഗവുമായ തങ്കമ്മ നെല്ലിയാനിയാണ് രണ്ടാം പ്രതി. ഇവര്‍ ഒളിവിലാണ്. ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ സിസ്റ്റര്‍ ടെസി ജോസ് ആണ് മൂന്നാം പ്രതി. ഡോക്ടര്‍ ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവര്‍ നാലും അഞ്ചും പ്രതികളാണ്.ആശുപത്രിയുടെ ചുമതലയുള്ള സിസ്റ്റര്‍ ലിസി മരിയ ആണ് ആറാം പ്രതി. സിസ്റ്റര്‍ അനീസയും സിസ്റ്റര്‍ ഒഫീലയും ഏഴും എട്ടും പ്രതികളാണ്. ഇരുവരും വയനാട് വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍മാരാണ്. ഈ രണ്ട് സിസ്റ്റര്‍മാരും ഒളിവില്‍ പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി ഏറ്റെടുത്തതിലൂടെ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി( സി.ഡബ്ലു.സി) ഗുരുതര വീഴ്ച വരുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

കുട്ടിയെ ഏറ്റെടുക്കുമ്പോള്‍ ബന്ധപ്പെട്ട രജിസ്റ്ററില്‍ പെണ്‍കുട്ടിയുടെ പ്രായം 16 എന്നതിനു പകരം തിരുത്തി 18 എന്നെഴുതി ചേര്‍ക്കുകയായിരുന്നു. ഫെബ്രുവരി ഏഴാം തീയതി എത്തിച്ച കുഞ്ഞിനെ ഹാജരാക്കിയത് 20 നാണ്. ഇതിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സാമൂഹിക നീതി വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്‌. മാമോദിസ രേഖയിലും എസ്.എസ്.എല്‍.സി ബുക്കിലും പ്രായം തിരുത്തി വ്യാജ രേഖ നിര്‍മിച്ചതായും തിരുത്തിയ രേഖകളില്‍ സി.ഡബ്ല്യൂസി ചെയര്‍മാന്‍ ഒപ്പു വച്ചതായും കണ്ടെത്തി.