കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയ വിനോദ സഞ്ചാരികളില്‍ വന്‍ വര്‍ധന;മദ്യനിരോധനം ടൂറിസം മേഖലയെ തകര്‍ക്കുവെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു

single-img
4 March 2017


തിരുവനന്തപുരം:മദ്യനിരോധനം കേരളത്തിന്റെ ടൂറിസം മേഖലയെ തകര്‍ക്കുന്നുവെന്ന ഇടതു സര്‍ക്കാറിന്റെ വാദം പൊളിയുന്നു.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്, കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയ വിനോദ സഞ്ചാരികളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ മേഖലയില്‍ നിന്നുള്ള വരുമാനം വന്‍തോതില്‍ വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതാകട്ടെ ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റും.
2015 നെ അപേക്ഷിച്ച് കേരളത്തിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 6.23 ശതമാനവും വരുമാനത്തില്‍ 11.51 ശതമാനം വര്‍ധനയുണ്ടെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്.മാത്രമല്ല ആഭ്യന്തര സഞ്ചാരികളുടെ വര്‍ധനവിലൂടെ മാത്രം വരുമാനത്തില്‍ 11.2 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും പറയുന്നു.
എന്നാല്‍ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന മദ്യനയം തിരുത്തിയെഴുതി വിനോദ സഞ്ചാര മേഖലയില്‍ അടഞ്ഞുകിടക്കുന്ന 35 സ്റ്റാര്‍ ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി നല്‍കണമെന്നതായിരുന്നു എല്‍.ഡി.എഫിന്റെ ആവശ്യം.ഇതോടെ മദ്യനിരോധനം കേരളത്തിന്റെ ടൂറിസം മേഖലയെ തകര്‍ക്കുന്നുവെന്ന മറവില്‍ ബാര്‍ തുറക്കല്‍ അനുമതി നേടിയെടുക്കാനുള്ള സര്‍ക്കാരിന്റെ കള്ളത്തരമാണ് വെളിച്ചത്തായിരിക്കുന്നത്.