വൈദികന്‍റെ പീഡനം: മാമോദിസ രേഖയിലും എസ്.എസ്.എല്‍.സി ബുക്കിലും പ്രായം തിരുത്തി വ്യാജ രേഖ നിര്‍മിച്ചതായി കണ്ടെത്തി;പെണ്‍കുട്ടിയോടും കുടുംബത്തോടും മാപ്പുപറഞ്ഞ് മാനന്തവാടി രൂപത

single-img
4 March 2017


കോഴിക്കോട്: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിരയായ പെണ്‍കുട്ടി പ്രസവിച്ച സംഭവം ഒളിച്ചുവെക്കാനും കുറ്റം മറയ്ക്കാനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി ഏറ്റെടുത്തതിലൂടെ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി( സി.ഡബ്ലു.സി) ഗുരുതര വീഴ്ച വരുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.കുട്ടിയെ ഏറ്റെടുക്കുമ്പോള്‍ ബന്ധപ്പെട്ട രജിസ്റ്ററില്‍ പെണ്‍കുട്ടിയുടെ പ്രായം 16 എന്നതിനു പകരം തിരുത്തി 18 എന്നെഴുതി ചേര്‍ക്കുകയായിരുന്നു.

മാമോദിസ രേഖയിലും എസ്.എസ്.എല്‍.സി ബുക്കിലും പ്രായം തിരുത്തി വ്യാജ രേഖ നിര്‍മിച്ചതായും തിരുത്തിയ രേഖകളില്‍ സി.ഡബ്ല്യൂസി ചെയര്‍മാന്‍ ഒപ്പു വച്ചതായും കണ്ടെത്തി.

അതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികൻ പീഡനത്തിനിരയായി പ്രസവിക്കാനിടയായ സംഭവത്തില്‍ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പപേക്ഷിച്ച് മാനന്തവാടി രൂപത. ഇരയാക്കപ്പെട്ടവരുടെ കണ്ണീരില്‍ പങ്കുചേരുന്നുവെന്ന് മാര്‍ ജോസ് പൊരുന്നേടം കത്തിൽ അറിയിച്ചു. സംഭവത്തിനു പിന്നാലെ വൈദികനെ മാറ്റിക്കൊണ്ട് ഫെബ്രുവരി 28ന് ബിഷപ്പ് ഇടവകയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നിങ്ങളുടെ വേദന ഞാന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. അത് എന്റെയും ദു:ഖമാണ്‌.ഈ നോമ്പുകാലം ഇങ്ങനെ ചെലവഴിക്കാനാണ് നമ്മുടെ വിധിയെന്നും കത്തില്‍ പറയുന്നു.

പ്രയപ്പെട്ടവരേ, നിങ്ങളെ ഞാന്‍ ദൈവസമക്ഷം സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ കണ്ണീര്‍ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്റെയും ഞാന്‍ ചേര്‍ക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്. ഒരിക്കലും നികത്താന്‍പറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തില്‍ അടിയുറച്ച് നില്‍ക്കുന്ന നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ’. കത്തില്‍ ബിഷപ്പ് വ്യക്തമാക്കി.