ഗുജറാത്തിൽ തെരെഞ്ഞെടുപ്പിൽ സർപ്പഞ്ചായി ജയിച്ച ദളിത് യുവാവിനെ എതിർസ്ഥാനാർത്ഥിയും കൂട്ടാളികളും ചേർന്ന് അടിച്ചു കൊന്നു

single-img
4 March 2017

 

ഗുജറാത്തിൽ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ തങ്ങൾക്കെതിരേ മൽസരിച്ച് സർപ്പഞ്ച് ആയി ജയിച്ച ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ ഉയർന്നജാതിക്കാർ അടിച്ചു കൊന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ വരാസ്ദ ഗ്രാമത്തിലാണു സംഭവം നടന്നത്. ദളിത് വിഭാഗത്തിൽപ്പെട്ട ജയ്സുഖ് മധദ് എന്ന ഇരുപത്തിയേഴുകാരനെയാണു സവർണ്ണ ജാതിയിൽപ്പെട്ട മൂന്നുപേർ ചേർന്ന് കൊലപ്പെടുത്തിയത്. തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ സർപ്പഞ്ച് ആയി മൽസരിച്ച മധദിനോട് തെരെഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും പിന്മാറണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു വകവെയ്ക്കാതെ ഇയാൾ മൽസരിക്കുകയും ജയിക്കുകയും ചെയ്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി പ്രതികളിലൊരാളുടെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയ ജയ്സുഖ് മധദിനെ മൂന്നു പ്രതികളും ചേർന്ന് ഇരുമ്പുവടികളും മറ്റായുധങ്ങളും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അമ്രേലി ഡെപ്യൂട്ടി സൂപ്രണ്ട് (എസ് സി/എസ് ടി സെൽ) രാജേഷ് പർമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഗുരുതരമായ പരുക്കുകളോടെ അമ്രേലി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയ്സുഖ് മരണത്തിനു കീഴടങ്ങുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അമ്രേലി പോലീസ് മൂന്നുപേർക്കെതിരേ കേസെടുത്തു. ഇവർക്കെതിരേ ഐപിസി 302 (നരഹത്യ), 34 (സംഘം ചേർന്നുള്ള കുറ്റകൃത്യം) എന്നീ വകുപ്പുകളും പ്രിവൻഷൻ ഓഫ് അട്ട്രോസിറ്റീസ് എഗെയ്ൻസ്റ്റ് എസ് സി/എസ് ടി എന്നിവയുമാണു ഇവർക്കുമേൽ ചുമത്തിയത്. പ്രതികളിലൊരാളായ ദീപു അപ്പാ ഭായിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുരണ്ടുപേർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.