ബംഗാളിൽനിന്നു 800 മെട്രിക് ടൺ അരിയെത്തി; 25 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്ന് മന്ത്രി

single-img
4 March 2017

ബംഗാളിൽനിന്നു 800 മെട്രിക് ടൺ അരി എത്തിച്ചുവെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഞായറാഴ്ച അടുത്ത ലോഡ് എത്തും. പത്താം തീയതി ആകുമ്പോഴേക്കും 2500 മെട്രിക് ടൺ അരിയും എത്തുമെന്നു മന്ത്രി പറഞ്ഞു. 26 പ്രാഥമിക സഹകരണ സംഘങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചാണ് ബംഗാളിൽനിന്ന് അരി എത്തിക്കുന്നത്.

തിങ്കളാഴ്ച മുതൽ അഞ്ഞൂറ് പ്രാഥമിക സഹകരണസംഘങ്ങൾ വഴി ഇവ വിതരണം ചെയ്യും. കിലോയ്ക്ക് 25 രൂപ നിരക്കിലാകും വിൽപ്പനയെന്നും മന്ത്രി അറിയിച്ചു. ആറിന് ആരംഭിച്ച് പത്താം തീയതിയോടെ അവസാനിക്കുന്ന രീതിയിലാകും അരി വിതരണം.

മലയാളികൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ജയ, മട്ട എന്നീ അരിയിനങ്ങളുടെ വിൽപനവില ചരിത്രത്തിലാദ്യമായി 50 രൂപ വരെ എത്തിയതോടെയാണ് വില നിയന്ത്രിക്കാനുള്ള നടപടിയുമായി സർക്കാർ രംഗത്തെത്തിയത്. ഒരു മാസത്തിനിടെ 10 രൂപയുടെ വർധനവാണ് അരിക്ക് ഉണ്ടായത്.