ബഡ്‌ജറ്റ് ചോർച്ച: ധനമന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

single-img
3 March 2017

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോർന്ന സംഭവത്തിൽ ധനമന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്ന ഒരാളെ പുറത്താക്കി. മന്ത്രിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയും മാധ്യമവിഭാഗം ചുമതലയുമുണ്ടായിരുന്ന മനോജ് കെ. പുതിയവിളയ്ക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ബജറ്റ് പ്രസംഗം തീരുന്നതിന് മുൻപ് മാധ്യമങ്ങൾക്ക് വാട്സ് ആപ്പ്, ഇ മെയിൽ എന്നീ നവമാധ്യമങ്ങളിലൂടെ ഇയാൾ വിവരങ്ങൾ നൽകിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി. മൂന്ന് മാസങ്ങൾക്ക് മുൻപ് മാത്രമാണ് മനോജ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെത്തിയത്. മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകിയതിൽ ഗുരുതരമായ ജാഗ്രതക്കുറവ് ഉണ്ടായിയെന്നാണ് ധനവകുപ്പിന്‍റെ വിലയിരുത്തൽ. ഇതേതുടർന്നാണ് നടപടി.

അതേസമയം ധനമന്ത്രി രാജി വയ്‌ക്കണമെന്നും പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടു.