കേണല്‍ വീട്ടുജോലി ചെയ്യിക്കുന്നെന്ന് പ്രതികരിച്ച മലയാളി ജവാന്‍ മരിച്ച നിലയിൽ;ആത്മഹത്യയെന്ന് കരസേന; മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

single-img
3 March 2017

കൊല്ലം: മേലധികാരികള്‍ വീട്ടുജോലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യിച്ചു പീഡിപ്പിക്കുന്നതായി പ്രതികരിച്ച മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര എഴുകോണ്‍ കാരുവേലില്‍ ചെറുകുളത്ത് വീട്ടില്‍ റോയി മാത്യു(33)വാണു മരിച്ചത്. മൂന്ന് ദിവസം പഴകിയ നിലയില്‍ സൈനിക ക്യാമ്പിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

മരണത്തില്‍ ദൂരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കി.ഒരു മറാത്തി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തിനെതിരെ റോയ്മാത്യു പരാതി പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വ്യക്തി വിവരങ്ങള്‍ മറച്ചുവെക്കുമെന്ന് ഉറപ്പുനല്‍കിയതിനാലാണ് ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തു പറഞ്ഞതെന്നാണ് റോയ്മാത്യൂ വീട്ടുകാരോട് ഫോണില്‍ പറഞ്ഞിരുന്നു. എന്നാല്‍ രഹസ്യ ക്യമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്തു ഇതേ തുടര്‍ന്ന് തന്റെ ജോലി നഷ്ടപെടാന്‍ സാധ്യതയുണ്ടെന്ന് റോയ് വീട്ടുകാരോട് പറഞ്ഞിരുന്നു. ആകെ ഭയപെട്ടാണ് റോയ് സംസാരിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ മാസം 25നാണ് റോയ്മാത്യൂ അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ജവാനെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു. പിന്നീട് നിരവധി തവണ വിളിച്ചിരുന്നെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു.