ബജറ്റ് ചോര്‍ച്ച:ഐസക്കിന് ജാഗ്രതക്കുറവെന്ന് സിപിഐഎം സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം;സ്റ്റാഫിനെതിരെ നടപടി വന്നേക്കും

single-img
3 March 2017

 

ബജറ്റ് ചോര്‍ന്നെന്ന ആരോപണം പരിശോധിക്കുമെന്ന് സിപിഐഎം. ധനമന്ത്രി തോമസ് ഐസക്കിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന ധനമന്ത്രിയുടെ സ്റ്റാഫിനെതിരെ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

ബജറ്റ് അവതരണം നടക്കുന്നതിനിടെ രാവിലെ 9.50ന് ബജറ്റ് എങ്ങനെ ചോര്‍ന്നെന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സിപിഐഎം നേതാവും മന്ത്രിയുമായ എ.കെ ബാലന്‍ പറഞ്ഞു. സംഭവം ഗൗരവതരമായാണ് പാർട്ടി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അവതരണം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വായിക്കാനുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡയിയില്‍ പ്രചരിച്ചുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. ഇതിന്റെ പ്രിന്റ് ഔട്ടുകളും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ വിതരണം ചെയ്തു. ഇതോടെ ബജറ്റ് അവതരണം തടസ്സപ്പെട്ടു. പരിശോധിക്കാമെന്ന ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ വിശദീകരണം നല്‍കിയെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടിറങ്ങി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ബജറ്റ് അവതരണത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ധനമന്ത്രിയുടെ ഓഫീസില്‍നിന്നാണ് ബജറ്റ് ചോര്‍ന്നതെന്നും ബജറ്റ് അവതരണം തന്നെ അര്‍ത്ഥശൂന്യമായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.