ബജറ്റ് ആരും ചോര്‍ത്തിയിട്ടില്ലെന്നും പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

single-img
3 March 2017

മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ബജറ്റ് ആരും ചോര്‍ത്തിയിട്ടില്ലെന്നും പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വായിച്ച ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എന്നാല്‍ അവതരണം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വായിക്കാനുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡയിയില്‍ പ്രചരിച്ചുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. ഇതിന്റെ പ്രിന്റ് ഔട്ടുകളും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ വിതരണം ചെയ്തു. ഇതോടെ ബജറ്റ് അവതരണം തടസ്സപ്പെട്ടു. പരിശോധിക്കാമെന്ന ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ വിശദീകരണം നല്‍കിയെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടിറങ്ങി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ബജറ്റ് അവതരണത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ധനമന്ത്രിയുടെ ഓഫീസില്‍നിന്നാണ് ബജറ്റ് ചോര്‍ന്നതെന്നും ബജറ്റ് അവതരണം തന്നെ അര്‍ത്ഥശൂന്യമായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

വിഷയത്തില്‍ ധനമന്ത്രി കൂടുതല്‍ വിശദീകരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റ് ആര്‍ക്കും കൊടുക്കാറില്ലെന്നും പിണറായി പറയുന്നു.

അതേ സമയം, പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും പരിശോധിച്ചശേഷം ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ അറിയിച്ചു.