എന്റെ രാജ്യസ്‌നേഹം എ.ബി.വി.പി ഗുണ്ടകള്‍ അളക്കേണ്ടതില്ല ; ഗുര്‍മെഹറിനു പിന്തുണയുമായി സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനി

single-img
2 March 2017

ന്യൂഡല്‍ഹി: രാംജാസ് കോളേജിലെ എബിവിപി ഗുണ്ടായിസത്തിനെതിരെ പ്രതികരിച്ച ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹര്‍ കൗറിനെ പിന്തുണച്ച് സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനി.
‘തന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ലെന്നും മറിച്ച് യുദ്ധമാണെന്നും’ ഗുര്‍മെഹര്‍ അഭിപ്രായപ്പെട്ടിരുന്നു.ഇതിനെതിരെ പ്രശസ്തരില്‍ നിന്നടക്കം വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.

ഗുല്‍മോഹറിന്റെ അഭിപ്രായത്തെ പരിഹസിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സേവാഗിന്റെ ‘രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് താനല്ല തന്റെ ബാറ്റാണെന്ന് പ്ലക്കാര്‍ഡും പിടിച്ചുകൊണ്ടുളള ഫോട്ടോ’ ട്വീറ്റും വന്‍ വിവാദമായിരുന്നു.

സെവാഗിന് പിന്നാലെ വിദ്യാര്‍ത്ഥിനിയെ വിമര്‍ശിച്ചുകൊമ്ട് ചലചിത്രതാരം രണ്‍ദീപ് സിംഗ് ഹൂഡയും രംഗത്തെത്തിയിരുന്നു.ഇതിനു പുറമേ എബിവിപി പ്രവര്‍ത്തകര്‍ ഗുര്‍മെഹര്‍ കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെയാണ് വിശാല്‍ ദദ്‌ലാനിയുടെ പ്രതികരണം.

‘അതേ, ഞാന്‍ രാജ്യസ്‌നേഹിയാണ്, പക്ഷെ എബിവിപിയുടേയും ബിജെപിയുടേയും ഗുണ്ടകള്‍ എന്റെ രാജ്യസ്‌നേഹത്തെ അളക്കേണ്ട. എന്റെ രാജ്യത്തോട് മറുപടി പറയാന്‍ ഞാന്‍ ഉത്തരവാദിയാണ്.
പക്ഷെ ഗുണ്ടകളോട് മറുപടി പറയേണ്ട കാര്യമില്ല’- എന്നായിരുന്നുപെണ്‍കുട്ടിയെ അനുകൂലിച്ചുകൊണ്ടുള്ള വിശാല്‍ ദദ്‌ലാനിയുടെ പോസ്റ്റ്.

രാംജാസ് കോളേജിലെ എബിവിപി ഗുണ്ടായിസത്തിനെതിരെ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹര്‍ ‘അതെ, ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് പക്ഷേ എബിവിപിയെ ഭയമില്ല’ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്ന സ്വന്തം ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം.വൈറലായ ഗുല്‍മെഹറിന്റെ ഈ പോസ്റ്റര്‍ പ്രധിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.