ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ തൊഴുത്തിലെ പശു; വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിച്ചപ്പോള്‍ മുഖ്യമന്ത്രി നോക്കി നിന്നു:പ്രതിപക്ഷം

single-img
2 March 2017

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവാണെന്നു വി.ഡി. സതീശന്‍ എംഎല്‍എ നിയമസഭയില്‍. വിജിലന്‍സ് ആസ്ഥാനത്തു നോട്ടീസ് പതിച്ചപ്പോള്‍ മുഖ്യമന്ത്രി നോക്കിനിന്നു. കൂട്ടിലെ തത്തയോ പുറത്തുവന്ന തത്തയോ അല്ല വിജിലന്‍സ്. പായിച്ചിറ നവാസ് എന്ന വ്യക്തിയാരെന്ന് അന്വേഷിക്കണം. രഹസ്യസ്വഭാവമുളള ഫയലുകളിലെ വിവരങ്ങള്‍ പോലും നവാസ് പരാതിയില്‍ ഉന്നയിക്കുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഐഎഎസ്‌ഐപിഎസ് തര്‍ക്കം മൂലം സംസ്ഥാനം ഭരണസ്തംഭനം നേരിടുകയാണെന്ന അടിയന്തര പ്രമേയനോട്ടിസ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വലിയ കേസുകൾ ഏറ്റെടുക്കേണ്ടെന്ന് സർക്കുലർ ഇറക്കാൻ ജേക്കബ് തോമസിനെ ആര് അധികാരം നൽകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഭസ്മാസുരന് വരം കൊടുത്തതുപോലെയാണ് ജേക്കബ് തോമസിന്‍റെ പ്രവർത്തികൾ. ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോര് മൂലം അതീവ പ്രാധാന്യമുള്ള ഫയലുകൾ പോലും ബിനാമി കൈകളിൽ എത്തുകയാണെന്നും ഇവ പകപോക്കലിനായി കോടതിയിൽ ഉപയോഗിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം ആരോപണങ്ങൾക്ക് മറുപടി നൽകിയ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ നിലപാട് തള്ളിക്കളഞ്ഞു. സംസ്ഥാനത്തു ഫയല്‍ നീക്കത്തില്‍ മന്ദത ഉണ്ടായിരുന്നതായും ഇപ്പോള്‍ അതുമാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒന്‍പതുമാസം 18,000 ഫയലുകള്‍ തന്റെ പരിഗണനയില്‍ വന്നു. ഇതില്‍ ഇനി അവശേഷിക്കുന്നത് 200 ഫയലുകള്‍ മാത്രമാണ്. ചില്ലറ അഭിപ്രായവ്യത്യാസങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നയങ്ങള്‍കൊണ്ട് അതുമാറിയെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തു ഭരണസ്തംഭനമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.