34 യു.എ.പി.എ കേസുകളുടെ പുന:പരിശോധനക്ക് മുഖ്യമന്ത്രിയുടെ ഉത്തരവ്; പുന:പരിശോധനയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴില്‍ ചുമത്തിയ 25 കേസുകളും.

single-img
2 March 2017

തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന് കീഴില്‍ ചുമത്തപ്പെട്ടതുള്‍പ്പെടെ 34 യു.എ.പി.എ കേസുകള്‍ പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് ചുമത്തപ്പെട്ട 25 കേസുകള്‍ ഉള്‍പ്പെടെയാണ് വീണ്ടും പരിശോധിക്കുക. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസുകളാണ് പുന:പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
ഡി.ജി.പി ലോകനാഥ് ബെഹ്‌റ നല്‍കിയ കേസുകളുടെ പട്ടിക സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് യു.എ.പി.എയില്‍ പുനരന്വേഷണം വരുന്നത്. വകുപ്പ് ചുമത്താന്‍ മതിയായ തെളിവുകള്‍ കേസിലുണ്ടോ എന്നതാകും പ്രധാനമായും അന്വേക്ഷിക്കുക. കേസ് ചുമത്തപ്പെട്ട വ്യക്തികള്‍ക്ക് തങ്ങളുടെ ഭാഗം വ്യക്തമാക്കുന്നതിനുള്ള അവസരവും പുന:പരിശോധനയിലുടെ ലഭിക്കും.

പാലക്കാട്, എറണാകുളം ജില്ലകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളാണ് ്പുനഃപരിശോധിക്കുന്നവയില്‍ അധികവും.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ചുമത്തപ്പെട്ട കോസുകളും പോസ്റ്ററുകള്‍ ഒട്ടിച്ചതിന്റെ പേരില്‍ ചുമത്തപ്പെട്ട കേസുകളുമുണ്ട്്. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വിവാദമായിരുന്നു. യുഎപിഎ സര്‍ക്കാരിന്റെ നയമല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ സഭയിലെ മറുപടി.
തുടര്‍ന്നും യുഎപിഎ കേസുകള്‍ ഉണ്ടായ സാഹചര്യത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് പോലീസിന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം. യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ഒരു കേസിലും യുഎപിഎ ചുമത്തരുതെന്നു ഡിജിപിയും പൊലീസ് ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് ശേഷമാണ് 34 കേസുകള്‍ പുനഃപരിശോധിക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.