യു.ഡി.എഫ് സര്‍ക്കാറിന്റെ ഭൂരഹിത കേരളം പദ്ധതി വിഫലം:ഉപയോഗ യോഗ്യമല്ലാത്ത ഭൂമി മാറ്റി നല്‍കും-റവന്യൂ മന്ത്രി

single-img
2 March 2017
തിരുവനന്തപുരം:കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന  ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഉപയോഗ യോഗ്യമല്ലാത്ത ഭൂമി മാറ്റിനല്‍കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇതിനായി 281.96 ഏക്കര്‍ ഭൂമി കണ്ടെത്തിയതായും ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത  ഭൂമിയില്‍ ഭൂരിഭാഗവും ഉപയോഗ യോഗ്യമല്ലാത്തവയാണെന്ന പരാതിയുണ്ടായിരുന്നു. പലതിലും വഴി പോലും ലഭ്യമല്ലാത്ത സ്ഥലങ്ങളായിരുന്നു. മറ്റ് ചിലയിടം കൃഷിക്കോ, താമസത്തിനോ ഉപയോഗിക്കാനും കഴിയില്ല. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലയിലെ ജനങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള പരാതി ജില്ലാ കലക്ടര്‍ക്ക് ഏറ്റവും കൂടുതല്‍ ലഭിച്ചത്. ഇതിന് പരിഹാരമെന്നോണമാണ് പുതിയ ഭൂമി നല്‍കുമെന്ന റവന്യൂമന്ത്രിയുടെ ഉറപ്പ്.
52398 പേര്‍ക്കായിരുന്നു പദ്ധതി പ്രകാരം ഭൂമി ലഭിച്ചത്. ഇതില്‍ 39000 പട്ടയങ്ങള്‍ മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. ഇതില്‍ തന്നെ 14000 താമസക്കാര്‍ മാത്രമേ നിലവിലുള്ളൂ. ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ഭൂമി 21000 പേര്‍ക്ക് വിതരണം ചെയ്യാനാവുമെന്നും റവന്യൂമന്ത്രി  അറിയിച്ചു. പരാതി ലഭിച്ച ജില്ലാ കലക്ടര്‍മാര്‍ക്കാണ് പുതിയ ഭൂമി കണ്ടെത്താനുള്ള ചുമതല.