മാസത്തിൽ നാലിൽ കൂടുതൽ പണമിടപാട് നടത്തുന്നവരിൽനിന്നും സ്വകാര്യ ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കി തുടങ്ങി;നാലു തവണയിൽ കൂടിയാൽ 150 രൂപ.

single-img
2 March 2017

രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കുകള്‍ മാസം നാലിലധികം നോട്ടിടപാട് നടത്തുന്നതിന് ബുധനാഴ്ച മുതല്‍ ചാര്‍ജ് ഈടാക്കിത്തുടങ്ങി. കൂടുതലായുള്ള ഓരോ ഇടപാടിനും കുറഞ്ഞത് 150 രൂപ വീതമാണ് ഈടാക്കുക. എച്ച്ഡിഎഫ്സി ബാങ്കിന്റെ തീരുമാനമനുസരിച്ച്, ഹോം ബ്രാഞ്ചിൽനിന്ന് നാലു തവണ പണമിടപാടു നടത്തുന്നതിനു സർവീസ് ചാർജ് നൽകേണ്ടതില്ല. എന്നാൽ അതിനുശേഷമുള്ള ഓരോ ഇടപാടിനും ഉപഭോക്താവ് 150 രൂപ വീതം നൽകേണ്ടതായി വരും.

എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്കുകളാണ് ചാര്‍ജ് ഈടാക്കുന്നത്. നോട്ടില്ലാത്ത സമ്പദ്വ്യവസ്ഥ യാഥാര്‍ഥ്യമാക്കുന്നതിനും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബാങ്കുകളുടെ ഈ നടപടി.

ഒരാൾക്ക് അവരുടെ ശമ്പള/സേവിങ്സ് അക്കൗണ്ടുകളിൽനിന്ന് ഒരു മാസം രണ്ടുലക്ഷം രൂപവരെ പിൻവലിക്കാം. ഇതിൽ കൂടുതൽ തുക പിൻവലിക്കുമ്പോൾ ഓരോ 1000 രൂപയ്ക്കുമാണ് സർവീസ് ചാർജ് ഈടാക്കുക. നേരത്തെ 50,000 രൂപയ്ക്കായിരുന്നു ചാർജ് ഈടാക്കിയിരുന്നത്. മറ്റു ബ്രാഞ്ചുകളിലെ ഇടപാടുകൾക്ക് 25,000 രൂപവരെ ചാർജില്ല. അതിൽ കൂടുതലായാൽ സർവീസ് ചാർജ് ഈടാക്കും.

പൊതുമേഖലാ ബാങ്കുകളും ഈ വഴിക്കുനീങ്ങുമോ എന്ന കാര്യം വ്യക്തമല്ല.