ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് ട്രംപ്; വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒന്നിക്കണമെന്നും യുഎസ് കോണ്‍ഗ്രസില്‍ ട്രംപ്‌

single-img
1 March 2017

ട്രംപ് യുഎസ് കോണ്‍ഗ്രസിനെ ആദ്യമായി അഭിസംബോധന ചെയ്ത ശേഷം.REUTERS/Carlos Barria

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടതിനെ അപലപിച്ചും വിസാ നിരോധനത്തില്‍ ഉറച്ചും ഐഎസിനെ ഇല്ലാതാക്കുമെന്ന് ആവര്‍ത്തിച്ചും യുഎസ് കോണ്‍ഗ്രസില്‍ പ്രസിഡന്റ് ട്രംപിന്റെ കന്നി പ്രസംഗം.. ജൂതന്‍മാര്‍ക്ക് എതിരായ ആക്രമങ്ങളും കന്‍സാസ് വെടിവെപ്പും ഉള്‍പ്പെടെ വിദ്വേഷത്തിന്റെ എല്ലാ രൂപങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കണം. വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയെ മികച്ചതാക്കുമെന്ന വാക്കുപാലിക്കുമെന്നും ട്രംപ് പറഞ്ഞു. അധികാരത്തിലേറിയ ശേഷം യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ ആദ്യമായി അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
പരിശോധന അസാധ്യമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അമേരിക്കയിലെ നിലവിലെ കുടിയേറ്റ നിയമം കാലഹരണപ്പെട്ടതാണെന്നും കുടിയേറ്റം നിയമം ശക്തിപ്പെടുത്തുന്നത് അമേരിക്കന്‍ പൗരന്‍മാരുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണെന്നും ട്രംപ് കോണ്‍ഗ്രസില്‍ വിശദീകരിച്ചു. അമേരിക്കയിലെത്തുന്നവര്‍ അമേരിക്കയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം. കുടിയേറ്റം തടയുന്നതിനായി നമ്മുടെ ദക്ഷിണ അതിര്‍ത്തിയില്‍ അധികം താമസിക്കാതെ തന്നെ വലിയ മതില്‍ പണിയുമെന്നും ട്രംപ് പറഞ്ഞു.

കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ലയാണ് (32) കൊല്ലപ്പെട്ടത്. ഹൈദരാബാദ് സ്വദേശിയാണ് ശ്രീനിവാസ്.കന്‍സാസിലെ ബാറില്‍ ഇരിക്കുമ്പോള്‍ ഒരു അമേരിക്കന്‍ പൗരന്‍ ‘എന്റെ രാജ്യത്തുനിന്ന് കടന്നുപോകൂ’ എന്നാക്രോശിച്ച് ശ്രീനിവാസനും സുഹൃത്തുക്കള്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു.