നടിയെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായകമായ തെളിവ്; നടിയെ പള്‍സര്‍ സുനിയും സംഘവും പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

single-img
1 March 2017


കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായകമായ തെളിവുകള്‍ പോലീസിന് ലഭിച്ചു. പള്‍സര്‍ സുനിയും സംഘവും നടി സഞ്ചരിച്ചിരുന്ന കാറിനെ ടെമ്പോ ട്രാവലറില്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഈ വാഹനമാണ് പ്രതികള്‍ നടിയുടെ കാറില്‍ ഇടിപ്പിച്ചത്.ദേശീയപാതയിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നുളള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് തെളിവുകള്‍ കണ്ടെത്തിയത്. കൂടാതെ പ്രതികള്‍ വെണ്ണലയില്‍ വാഹനം നിര്‍ത്തിയതായും ദൃശ്യങ്ങളില്‍ വ്യക്തമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കൊച്ചി നഗരത്തില്‍ നിന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. ഹൈവേയിലെ മുഴുവന്‍ സിസിടിവി ക്യാമറകളില്‍ നിന്നുളള ദൃശ്യങ്ങളും പൊലീസ് അന്വേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്.

നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഗോശ്രീപാലത്തില്‍ നിന്ന് കായലിലേക്കെറിഞ്ഞു എന്നാണ് സുനി പോലീസിനെ അറിയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചത്. ഇത് പോലീസ് പരിശോധിച്ചു വരികയാണ്.

കേസില്‍ പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍, മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, വടിവാള്‍ സലീം, അന്‍സാര്‍, ചാര്‍ളി തുടങ്ങിയ പ്രതികളെല്ലാം തന്നെ ഇതിനകം അറസ്റ്റിലായി കഴിഞ്ഞു. അന്‍സാറും ചാര്‍ളിയും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ്. തെളിവുകള്‍ കണ്ടെത്താന്‍ പോലീസ് വ്യാപകമായി അന്വേഷണം തുടരുകയാണ്. പ്രതികള്‍ സഞ്ചരിച്ചതും ഒളിവില്‍ കഴിഞ്ഞതുമായ സ്ഥലങ്ങളിലൂടെ തെളിവെടുപ്പിനും പോയിരുന്നു.