പള്‍സര്‍ സുനി മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാനിയെന്ന് പി.ടി തോമസ്;’പ്രതിയുടെ സിപിഎം ബന്ധം അന്വേഷിക്കണമെന്ന് നടി ഖുശ്ബു

single-img
1 March 2017


തിരുവനന്തപുരം: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാനിയെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി തോമസ്. തനിക്ക് ഏറെ വിശ്വാസമുള്ളയാളാണ് ഈ വിവരം നല്‍കിയതെന്ന് എം.എല്‍.എ പറഞ്ഞു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പള്‍സര്‍ സുനി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്ത് പോയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.കേസ് അന്വേഷണത്തില്‍ എന്തെങ്കിലും അലംഭാവം കാട്ടിയാല്‍ കൂടുതല്‍ വിവരങ്ങളുമായി മുന്നോട്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾക്കെതിരെ നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബു രംഗത്ത് വന്നുകേസിലെ അന്വേഷണത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നു എന്നതിന്‍റെ സൂചന‍യാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ എന്ന് ഖുശ്ബു കുറ്റപ്പെടുത്തി. സംഭവവുമായി സിപിഎമ്മിനു ബന്ധമുള്ള ആർക്കങ്കിലും പങ്കുണ്ടോ എന്നും അവരെ രക്ഷിക്കാനാണോ സർക്കാരിന്‍റെ നീക്കമെന്നും സംശയിക്കേണ്ടി വരുമെന്നു പറഞ്ഞ ഖുശ്ബു ഇടതു ഭരണത്തിൻ കീഴിൽ കേരളം അക്രമങ്ങളുടെ സ്വന്തം നാടായി മാറിയെന്നും കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പോലീസ് സമൂഹത്തിനു വേണ്ടിയാകണം പ്രവർത്തിക്കേണ്ടതെന്നും സിപിഎമ്മിനു വേണ്ടി പ്രവർത്തിക്കരുതെന്നും ഖുശ്ബു കൂട്ടിച്ചേർത്തു..