അരിവില 21 ശതമാനം വര്‍ധിച്ചെന്ന് ഭക്ഷ്യമന്ത്രി തിലോത്തമന്‍;വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി; പിടിപ്പുകേടെന്ന് പ്രതിപക്ഷം

single-img
1 March 2017

തിരുവനന്തപുരം: സംസ്ഥാനത്ത് അരി അടക്കമുള്ള അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നിട്ടും നടപടി സ്വീകരിക്കാന്‍ കഴിയാത്ത ഭക്ഷ്യമന്ത്രി പൂര്‍ണ്ണ പരാജയമാണെന്ന് പ്രതിപക്ഷം. ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വിലക്കയറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു പ്രതിപക്ഷം. പ്രമേയത്തിന് അവതരണാനുമതി സ്പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

അരിക്ക് 21 ശതമാനം വരെ വില കൂടിയിട്ടുണ്ടെന്ന് സഭയില്‍ സമ്മതിച്ച ഭക്ഷ്യമന്ത്രി വിലക്കറ്റം നിയന്ത്രിക്കാന്‍ നടപടില സ്വീകരിച്ചതായും വ്യക്തമാക്കി.മണ്‍സൂണിന്റെ കുറവുമൂലമുണ്ടായ വരള്‍ച്ച അരി വില വര്‍ധനവിന് കാരണമായതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ വരും ദിവസങ്ങളില്‍ അരിവിലയില്‍ കുറവുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം 1000 മെട്രിക് ടണ്‍ അരി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതായും പറഞ്ഞു.
തൊഴിലാളി പ്രശ്‌നവും അട്ടിമറി കൂലിയുമാണ് അരിവില വര്‍ധനവിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. രാഷ്ട്രീയ കക്ഷികള്‍ ഒരുമിച്ച് അരിവിഹിതം പുനസ്ഥാപിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്രത്തില്‍ നിന്ന് കിട്ടിയ അരിവിഹിതം വിതരണം ചെയ്തിട്ടില്ലെന്നും ഇതാണ് അരിവില വര്‍ധനയ്ക്ക് പിന്നിലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാറിന്റെ പിടിപ്പുകേടാണ് കാരണമെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ വരെ സംസ്ഥാനത്തിന് കൃത്യമായി അരിവിഹിതം ലഭിച്ചിരുന്നു. പതിനാലേകാല്‍ ലക്ഷം മെട്രിക് ടണ്‍ അരി സംസ്ഥാനത്തിന് ലഭിച്ചിരുന്നു. ഇത് നിലനിര്‍ത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.