ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഇളവ് നൽകിയോയെന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്താനാവിലെന്ന് മുഖ്യമന്ത്രി;ആർക്കും അനർഹമായ ശിക്ഷായിളവ് നൽകില്ല

single-img
28 February 2017


നേരത്തെയുളള മാനദണ്ഡങ്ങള്‍ പ്രകാരമാണ് തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി.വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ആർക്കും അനർഹമായ ശിക്ഷായിളവ് നൽകില്ല. അത്തരം വാർത്തകൾ അവാസ്തവമാണ്. 1850 തടവുകാരെ മോചിപ്പിക്കുന്നു എന്നതും തെറ്റായ വാർത്തയാണ്. തടവുകാർക്കുള്ള ഇളവ് തീരുമാനിച്ചത് മുൻ മാനദണ്ഡപ്രകാരമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഇളവ് നൽകിയോയെന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്താനാവില്ല.നിയമപ്രകാരം 14 വർഷം ജയിലിൽ കഴിയണമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം 171 പേർക്കെതിരെ കാപ്പ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഗുണ്ടകൾക്കെതിരെയാണ് കാപ്പ ചുമത്തിയിട്ടുള്ളത്. മുൻ സർക്കാർ ജനകീയ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെയായിരുന്നു കാപ്പ ചുമത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ അങ്ങനെയൊരു ആക്ഷേപം ഇല്ലെന്നും പിണറായി പറഞ്ഞു.

സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടവും ക്രമസമാധാന തകര്‍ച്ചയുമെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകുക ആയിരുന്നു മുഖ്യമന്ത്രി.

പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി ബഹിഷ്കരിക്കുകയും ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിനുളള അനുമതി തേടിയത്. ജയിലില്‍ നിന്നും തടവുകാരെ മോചിപ്പിക്കാനുളള സര്‍ക്കാരിന്റെ തീരുമാനവും അടിയന്തര പ്രമേയത്തിലുണ്ട്.