സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടവും ക്രമസമാധാന തകര്‍ച്ചയുമെന്ന് പ്രതിപക്ഷം:അടിയന്തിരപ്രമേയത്തിന് അനുമതി നല്‍കിയില്ല;പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

single-img
28 February 2017


തിരുവനന്തപുരം : സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടവും ക്രമസമാധാന തകര്‍ച്ചയുമെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിനുളള അനുമതി തേടിയത്.
ജയിലില്‍ നിന്നും തടവുകാരെ മോചിപ്പിക്കാനുളള സര്‍ക്കാരിന്റെ തീരുമാനവും അടിയന്തര പ്രമേയത്തിലുണ്ട്. ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് ഉണ്ടോയെന്ന കാര്യവും വ്യക്തമാക്കണമെന്ന് പ്രമേയത്തില്‍ പറയുന്നു. ക്രിമിനലുകള്‍ക്ക് സര്‍ക്കാരും പൊലീസും ഒത്താശ ചെയ്യുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ മാത്രമുളള ഗുണ്ടാപ്രവര്‍ത്തനങ്ങളൊന്നും കേരളത്തില്‍ നടക്കുന്നില്ലെന്നായിരുന്നു പ്രമേയനോട്ടീസിനുളള മുഖ്യമന്ത്രിയുടെ മറുപടി .നേരത്തെയുളള മാനദണ്ഡങ്ങള്‍ പ്രകാരമാണ് തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കുന്നത്. 1850 പേരെ മോചിപ്പിക്കുമെന്ന പ്രചാരണം ശരിയല്ല. ടിപി വധക്കേസിലെ പ്രതികള്‍ ഉണ്ടോയെന്ന കാര്യം കൃത്യമായി പറയാനാകില്ല . ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. 171 പേരെ ഇപ്പോള്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.