അരിവില സര്‍വകാല റെക്കോര്‍ഡില്‍. വില നിയന്ത്രിക്കാന്‍ നടപടി എടുക്കും; അരി ഇനി മുതല്‍ ബംഗാളില്‍ നിന്ന് മന്ത്രി കടകപള്ളി സുരേന്ദ്രന്‍.

single-img
28 February 2017


തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില സര്‍വകാല റെക്കോര്‍ഡിലെത്തിയെന്ന്
മന്ത്രി കടകപള്ളി സുരേന്ദ്രന്‍. വില നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്നും ഇതിനായി ബംഗാളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അരി എത്തിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും അരിവില വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് അവിടെ നിന്നുള്ള അരി വരവ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ ഒരു കിലോ ജയ അരിക്ക് 48 രൂപയും മട്ട അരിക്ക് 43 രൂപയും, സുരേഖ അരിക്ക് 37 രൂപയുമാണ് വില.

സംസ്ഥാനത്ത് 2,000 നീതി സ്‌റ്റോറുകള്‍ തുടങ്ങാനും കണ്‍സ്യൂമര്‍ഫെഡ് വഴി കുറഞ്ഞ വിലയ്ക്ക് അരി വിതരണം ചെയ്യാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. നിലവില്‍ ബംഗാളില്‍ മാത്രമാണ് അരിവില കുറവ്. അതുകൊണ്ടാണ് അവിടെ നിന്നും അരി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതെന്നും മാര്‍ച്ച് പത്തിനകം ബംഗാളില്‍ നിന്ന് അരി എത്തിച്ച് പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.