പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ അറസ്റ്റിലായ ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റം സമ്മതിച്ചു;പെൺകുട്ടി പഠിക്കുന്ന സ്കൂളിന്റെ മാനേജർ കൂടിയാണ് പ്രതി

single-img
28 February 2017

പേരാവൂര്‍ (കണ്ണൂര്‍): വൈദികന്റെ പീഡനത്തെത്തുടര്‍ന്ന്‌ പതിനാറുകാരി പ്രസവിച്ചു. സംഭവത്തില്‍ പ്രതിയായ വൈദികന്‍ അറസ്‌റ്റില്‍. കൊട്ടിയൂര്‍ ഐ.ജെ.,എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയാണ്‌ മൂന്നാഴ്‌ച്ച മുന്‍പ്‌ ഒരാണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയത്‌. നീണ്ടുനോക്കി സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ്‌ പോലീസ്‌ പിടിയിലായത്‌. സംഭവത്തില്‍ അറസ്റ്റിലായ ഫാദര്‍ റോബിന്‍ വടക്കുംചേരി (48) കുറ്റം സമ്മതിച്ചു.

വൈദികനെ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഒളിവില്‍ പോയ വൈദികനെ തിങ്കളാഴ്ചയാണ് പോലീസ് തൃശ്ശൂര്‍ ചാലക്കുടിയില്‍നിന്ന് പോലീസ് പിടികൂടിയത്. ഇയാള്‍ കാനഡയിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റ പിടിയിലായത്.

ഫാരിസ് അബുബക്കര്‍ കാലത്തെ ദീപിക ദിനപത്രത്തിന്റെ മാനെജിങ് ഡയറക്ടർ ആയിരുന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്ത വൈദികന്‍ റോബിന്‍ വടക്കുംചേരി.2005 മുതല്‍ 2008 വരെയുളള കാലഘട്ടത്തിലാണ് ദീപിക ദിനപത്രം മാര്‍ മാത്യു അറയ്ക്കല്‍-ഫാരീസ് അബുബക്കര്‍ ടീമിന്റെ കൈകളില്‍ എത്തുന്നത്. ഈ കാലത്താണ് മാത്യു അറയ്ക്കലിന്റെ വിശ്വസ്തനായ രാഷ്ട്രദീപിക മാനെജിങ് ഡയറക്ടറായി ഫാ.റോബിന്‍ വടക്കുംചേരിയെ നിയമിക്കുന്നത്.
പീഡനത്തില്‍ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെ വൈദികനെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത രംഗത്തെത്തിയിട്ടുണ്ട്. വൈദികനെ വികാരി സ്ഥാനത്തുനിന്നും പുറത്താക്കിയതായി മാനന്തവാടി രൂപത അറിയിച്ചു.
പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ പെൺകുട്ടി പഠിക്കുന്ന സ്കൂളിന്റെ മാനേജർ കൂടിയാണ് പ്രതി സ്ഥാനത്തുള്ള റോബിൻ വടക്കുംചേരി. ഒരു വർഷം മുൻപാണ് പള്ളിയിൽ വെച്ചടക്കം പല തവണകളിലായി പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നത്.ഭക്കുള്ളിലും പുറത്തും ഉന്നത ബന്ധങ്ങളും സ്വാധീനുവുമുള്ള ഇയാൾക്ക് വേണ്ടി, പലഘട്ടങ്ങളിലായി ഒത്തുതീർക്കാൻ ഇടപെടലുകൾ നടന്ന സംഭവം ഒടുവിൽ പെൺകുട്ടി സ്വന്തം അച്ഛനോട് പറഞ്ഞതോടെയാണ് പുറത്തു വന്നത്. പിന്നീടാണ് ചൈൽഡ് ലൈനും പൊലീസും ഇടപെട്ടത്.