ശ്രീകൃഷ്ണ സ്മരണയുയര്‍ത്തുന്ന പേര് അവഹേളനമല്ലേ:ഹിന്ദുസ്ഥാന്‍ എന്ന പദം വര്‍ഗ്ഗീയമാണെങ്കില്‍ മുഖ്യമന്ത്രി ‘വിജയന്‍’ എന്ന പേര് മാറ്റണം:കുമ്മനം

single-img
27 February 2017

 


കോഴിക്കോട് : ഭാരതത്തെ ‘ഹിന്ദുസ്ഥാന്‍’ എന്ന് സംബോധന ചെയ്യുന്നത് വര്‍ഗ്ഗീയമായി കാണുന്ന മുഖ്യമന്ത്രി പിണറായി, ‘വിജയന്‍’ എന്ന സ്വന്തം പേര് മാറ്റണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍‍.മുഖ്യമന്ത്രിയുടെ മംഗലാപുരം പ്രസംഗത്തിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജയന്‍ എന്നത് അര്‍ജ്ജുനന്റെ പേരാണെങ്കിലും അത് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ശ്രീകൃഷ്ണ സ്മരണ പിണറായിയെ പോലുള്ളൊരു കമ്മ്യൂണിസ്റ്റ് നേതാവിന് തീര്‍ത്തും അവഹേളനമാണ്. അതുകൊണ്ട് വര്‍ഗ്ഗീയമായിത്തോന്നുന്ന രാജ്യത്തിന്റെ പേര് മാറ്റാനുള്ള കെല്‍പ്പ് സ്വന്തം പാര്‍ട്ടിക്ക് ഇല്ലാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത് സ്വന്തം പേര് മാറ്റുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തീര്‍ത്തും ചരിത്രബോധമില്ലായ്മയില്‍ നിന്നും ഉടലെടുത്ത പിണറായിയുടെ ഈ പ്രസ്താവന പതിനായിരക്കണക്കിന് വരുന്ന സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അവഹേളനമാണെന്നും ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യം ഹൃദയത്തുടിപ്പായി ഏറ്റുവാങ്ങി മാതൃഭൂമിക്ക് വേണ്ടി ജീവിതം ഹോമിച്ചവരെ അവഹേളിച്ച പിണറായി മാപ്പ് പറയണമെന്നും പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഭാരതത്തെ ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നത് വര്‍ഗ്ഗീയമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം പ്രസംഗത്തിലെ കണ്ടെത്തല്‍ ചരിത്രബോധമില്ലായ്മയില്‍ നിന്ന് ഉണ്ടായതാണ്. ഭാരതത്തിന്റെ ചരിത്രം അറിയില്ലെങ്കിലും സ്വാതന്ത്ര്യ സമര ചരിത്രമെങ്കിലും പിണറായി പഠിക്കാന്‍ ശ്രമിക്കണം. കാറല്‍ മാര്‍ക്‌സ് ഭാരതത്തെപ്പറ്റി പറയുമ്പോഴും എഴുതുമ്പോഴും സമൃദ്ധമായി ഉപയോഗിച്ച വാക്ക് ഹിന്ദുസ്ഥാന്‍ എന്നാണ്. അദ്ദേഹം രചിച്ച The Historic View of United India എന്ന ഗ്രന്ഥത്തിന്റെ ഉറുദു പരിഭാഷക്കുള്ള പേര് ‘ഹിന്ദുസ്ഥാന്‍ കാ തരീക്കി കാഖാ’ എന്നാണ്. ഇതൊക്കെ മനസ്സിലാക്കിയിരുന്നെങ്കില്‍ പിണറായി ഈ ചരിത്ര നിന്ദ നടത്തില്ലായിരുന്നു.

കമ്മ്യൂണിസ്റ്റ് നേതാവായ എസ് എ ഡാങ്കേ പ്രവര്‍ത്തിച്ചിരുന്ന ആദ്യകാല മാര്‍ക്‌സിസ്റ്റ് കൂട്ടായ്മയുടെ പേര് ‘ ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്‍’ എന്നായിരുന്നു എന്ന് പിണറായിക്ക് അറിയുമോ? കാക്കോരി ഗൂഡാലോചന കേസില്‍ പ്രതികളാകുമ്പോള്‍ അഷ്ഫക്കുള്ളാ ഖാനും രാമപ്രസാദ് ബിസ്മില്ലും ചന്ദ്രശേഖര്‍ ആസാദും ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു എന്ന് അറിയുമോ? ഈ സംഘടന പിന്നീട് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന് പേരു മാറി. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനെ എതിര്‍ക്കാന്‍ നേതാജി രൂപീകരിച്ച സംഘടനയുടെ പേര് ആസാദ് ഹിന്ദ് ഫൗജ് എന്നായിരുന്നു എന്നെങ്കിലും പിണറായിക്ക് അറിവുണ്ടാകും.
സാരേ ജാഹാന്‍ സേ അച്ഛാ ഹിന്ദുസിതാ ഹമാരാ എന്ന് ഉറുദുവില്‍ പാടിയത് മുഹമ്മദ് ഇക്ബാല്‍ ആയിരുന്നു. ഇവരൊക്കെ വര്‍ഗ്ഗീയവാദികളായിരുന്നോ എന്ന് പിണറായി വ്യക്തമാക്കണം. ആരെ പ്രീണിപ്പിക്കാനാണ് പിണറായി ഈ വിഷം ചീറ്റുന്നത്?

ഹിന്ദുസ്ഥാന്‍ എന്ന പേരു പോലും വര്‍ഗ്ഗീയമാണെന്ന പിണറായിയുടെ പ്രസ്താവന പതിനായിരക്കണക്കിന് വരുന്ന സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അവഹേളനമാണ്. ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യം ഹൃദയത്തുടിപ്പായി ഏറ്റുവാങ്ങി മാതൃഭൂമിക്ക് വേണ്ടി ജീവിതം ഹോമിച്ചവരെ അവഹേളിച്ച പിണറായി മാപ്പ് പറയണം. ഹിന്ദുസ്ഥാന്‍ എന്ന പദം വര്‍ഗ്ഗീയമായി തോന്നുന്ന മുഖ്യമന്ത്രി, വിജയന്‍ എന്ന സ്വന്തം പേര് മാറ്റാന്‍ തയ്യാറാകണം. പിണറായിയെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാവിന് അവഹേളനമാണ്. വിജയന്‍ എന്നത് അര്‍ജ്ജുനന്റെ പേരാണെങ്കിലും കേള്‍ക്കുമ്പോള്‍ ശ്രീകൃഷ്ണ സ്മരണയാണ് പെട്ടെന്ന് ഉണ്ടാകുന്നത്. അത് രാജ്യത്തിന്റെ പേര് മാറ്റുന്നതിലും എളുപ്പം സ്വന്തം പേര് മാറ്റുന്നതാണല്ലോ? രാജ്യത്തിന്റെ പേര് മാറ്റാനുള്ള കെല്‍പ്പ് സ്വന്തം പാര്‍ട്ടിക്ക് ഇല്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും

 

 

ഭാരതത്തെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നത് വർഗ്ഗീയമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മംഗലാപുരം പ്രസംഗത്തിലെ കണ്ടെത്തൽ…

Posted by Kummanam Rajasekharan on Sunday, February 26, 2017