ജയ അരിയോടുള്ള മലയാളികളുടെ താല്‍പര്യം ആന്ധ്ര ലോബി മുതലെടുക്കുകയാണെന്ന് മന്ത്രി പി. തിലോത്തമന്‍;ചരിത്രത്തിലാദ്യമായി അരി വില 50ലേക്ക്

single-img
27 February 2017


കൊച്ചി: സാധാരണക്കാരന്‍റെ കുടുംബ ബജറ്റിനെ താളം തെറ്റിച്ച് അരിവില കുതിച്ചുയരുന്നു. മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രണ്ട് അരിയിനങ്ങളാണ് പാലക്കാടൻ മട്ടയും ജയയും. ഇവ രണ്ടും ഒരു കിലോ വാങ്ങണമെങ്കിൽ ചരിത്രത്തിലാദ്യമായി അമ്പത് രൂപ കൊടുക്കേണ്ട ഗതികേടിലേക്കാണ് മലയാളികളെത്തുന്നത്.ഇതിനൊപ്പം പഞ്ചസാരയ്്ക്കും പച്ചരിക്കും പൊള്ളുന്ന വിലയാണ്.

പൊന്നിയും ചെറുമണിയും ക്രാന്തിയുമടക്കം ആവശ്യക്കാരേറെയുള്ള അരി ഇനങ്ങൾക്കെല്ലാം 35ന് മുകളിലാണ് വില. ആഴ്ചതോറും രണ്ടും മൂന്നും രൂപ വീതം കൂടുന്നുമുണ്ട്. സംസ്ഥാനത്തെ റേഷൻ പ്രതിസന്ധി മൂലം പൊതുവിപണിയിൽ ആവശ്യം വർധിച്ചതും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന്റെ കാരണങ്ങൾ.
അതിനിടെ ജയ അരിയോടുള്ള മലയാളികളുടെ താല്‍പര്യം ആന്ധ്ര അരി ലോബി മുതലെടുക്കുകയാണെന്ന് മന്ത്രി പി. തിലോത്തമന് പറഞ്ഞു‍. ആലപ്പുഴ സായി അഗ്രിവര്‍ഷ് സംഘടിപ്പിച്ച കാര്‍ഷിക ഗ്രാമോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയ അരിക്ക് കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച് മലയാളികളെ ചൂഷണം ചെയ്യുകയാണ്. ഇത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് അരിവില പിടിച്ചുനിറുത്താന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച ‘അരിക്കട’ പദ്ധതി തുടക്കത്തിൽ തന്നെ പാളിയ അവസ്ഥയിലാണു. എഫ്.സി.ഐ വഴി മതിയായ അരി ലഭിക്കാത്തതും വരള്‍ച്ച മൂലം അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള അരിവരവ് കുറഞ്ഞതുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. ഈമാസം 13നാണ് അരിക്കടകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചത്. പൊതുവിപണിയെക്കാള്‍ 10 ശതമാനം വിലക്കുറവില്‍ മട്ട അരി കിലോക്ക് 24 രൂപക്കും ജയ അരി 25നും പച്ചരി 23രൂപക്കും വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍, കട തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും മേല്‍പ്പറഞ്ഞ അരികളൊന്നും തൊട്ടുനോക്കാന്‍പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്.