മോഡിയോട് ചോദ്യങ്ങളുന്നയിച്ച് സൈനികന്‍ തേജ് ബഹാദൂര്‍;അഴിമതിയെ ചൂണ്ടിക്കാട്ടിയതിനു പീഡനമേൽക്കേണ്ടി വന്നത് താൻ

single-img
27 February 2017

ന്യൂഡൽഹി: സൈനികർ ലഭ്യമാക്കുന്നത് മോശം ഭക്ഷണമാണെന്ന് ആരോപിച്ച് രംഗത്തെത്തിയ ബി.എസ്.എഫ് ജവാൻ തേജ് ബഹാദൂർ യാദവ് പ്രധാനമന്ത്രിയെ ചോദ്യം ചെയ്‌തുകൊണ്ട് വീണ്ടും വീഡിയോയിലൂടെ രംഗത്തെത്തി.സൈനികര്‍ക്ക് ലഭിക്കുന്ന ഭക്ഷണം മോശമാണെന്ന് പറഞ്ഞതിന് തേജ് ബഹാദൂറിന് വലിയ പീഡനം ഏല്‍ക്കേണ്ടി വന്നുവെന്ന് ഭാര്യ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് പ്രധാനമന്ത്രിയോട് ചോദ്യങ്ങളുന്നയിച്ചുള്ള വീഡിയോ പുറത്ത് വന്നത്.

സൈനികർക്ക് മോശം ആഹാരമാണ് നൽകുന്നതെന്ന തന്റെ വെളിപ്പെടുത്തലിൽ ഒരു നടപടിയും സ്വീകരിച്ചില്ല. പകരം വീഡിയോ പോസ്‌റ്റ് ചെയ്‌തതിന് തന്നെ ഉപദ്രവിച്ചു. പ്രധാനമന്ത്രിയാണെങ്കില്‍ രാജ്യത്തെ അഴിമതി തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഞാന്‍ എന്റെ മേഖലയില്‍ നടക്കുന്ന ഒരഴിമതിയെ തുറന്നു കാട്ടി. എന്നിട്ടൊന്നുമുണ്ടായില്ല. ഇതാണോ അഴിമതി ചൂണ്ടിക്കാട്ടില്‍ ഉണ്ടാവുന്ന ഫലം? എന്നാണ് പുതിയ വീഡിയോയിൽ യാദവ് ചോദിക്കുന്നത്.

ഇത് കൂടാതെ യാദവിന് ഫെയ്‌ബുക്കിലുള്ള സുഹൃത്തുക്കളിൽ പതിനേഴ് ശതമാനവും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന റിപ്പോർട്ടുകൾക്കും വീഡിയോയിലൂടെ അദ്ദേഹം വിശദീകരണം നൽകുന്നുണ്ട്. ജനുവരി പത്തിന് തന്റെ കൈയിൽ നിന്നും ഫോൺ പിടിച്ചെടുത്തു. ശേഷം തന്റെ അനുവാദമില്ലാതെ സാമൂഹിക മാദ്ധ്യമങ്ങളിലെ തന്റെ അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും യാദവ് വീഡിയോയിൽ പറയുന്നു.