നടിയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടത്ഇടതു നേതാവിന്റെ മക്കളെന്ന് ഇംഗ്ലീഷ് ദിനപത്രത്തിൽ വാർത്ത;നടനും നേതാവിന്റെ മക്കളും തമ്മിലുള്ള ഗൂഡാലോചന പോലീസ് അന്വേഷിയ്ക്കുന്നതായി ഡിഎൻഎ

single-img
20 February 2017

മലയാളം നടിയെ തട്ടികൊണ്ടുപോയതിന് പിന്നില്‍ ഇടതുനേതാവിന്റെ മക്കൾക്കും ഒരു പ്രമുഖ നടനും പങ്കെന്ന് ദേശിയ മാധ്യമം. മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡിഎന്‍എ എന്ന പത്രമാണ് ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചത്.തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ കെ. ജയപ്രകാശാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതേസമയം രാഷ്ട്രീയ നേതാവിന്റെ പേര് വെളിപ്പെടുത്തുന്നില്ല .ഡിഎന്‍എ ദിനപത്രത്തിലും ഓണ്‍ലൈന്‍ എഡിഷനിലും വളരെ പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്കിയിരിക്കുന്നത്.
ഇടതുപക്ഷത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവിന്റെ മക്കളാണ് ആരോപണത്തിന്റെ നിഴലിലുള്ളത്. ഇവര്‍ക്ക് പ്രതിസ്ഥാനത്തുള്ള ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നുള്ളതിന്റെ വ്യക്തമായ സൂചനകള്‍ പൊലീസിന് ലഭിച്ചതായും ഡിഎന്‍എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.രാഷ്ട്രീയക്കാരന്റെ മക്കളുമായി ബന്ധമുള്ള ക്വട്ടേഷന്‍ സംഘമാണ് നടിയെ തട്ടിക്കൊണ്ടുപോയത്. അടുത്തിടെ ഷൂട്ടിംഗ് ആവശ്യത്തിനായി നടി പള്‍സര്‍ സുനിക്കൊപ്പം ഗോവയില്‍ പോയിരുന്നു. അവിടെ വച്ച് പള്‍സര്‍ സുനിയുടെ ക്രിമിനല്‍ ബന്ധം മനസിലാക്കുന്നത്. ഇതേത്തുടര്‍ന്ന് ഇയാളെ ഒഴിവാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള മാര്‍ട്ടിന്‍ നടിയുടെ ഡ്രൈവറാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമിക്കപ്പെട്ട നടിയ്ക്ക് പ്രമുഖ നടനും ഭാര്യയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഭാര്യയ്‌ക്കൊപ്പമാണ് നടി നിലകൊണ്ടത്. ഇതേത്തുടര്‍ന്ന് നടിയ്‌ക്കെതിരെ പ്രതികാരബുദ്ധിയോടെ തിരിഞ്ഞ നടന്‍, തന്റെ സ്വാധീനം ഉപയോഗിച്ച് നടിയ്ക്ക് മലയാള സിനിമയിലെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.50 ലക്ഷം രൂപയാണ് തട്ടിക്കൊണ്ടുപോകുന്നതിന് പള്‍സര്‍ സുനിക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നും പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങൾ അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് നടിയുടെ മാതാവ് പറഞ്ഞു. ഒരു പ്രമുഖ നടന് സംഭവത്തിൽ പങ്കുണ്ടെന്നത് ആരോപണം മാത്രമാണ്. മറിച്ച്, ഒരു നടിയെകുറിച്ച് ചില സംശയങ്ങളുണ്ട്. കേസ് പിൻവലിക്കുമെന്ന പ്രചാരണവും ശരിയല്ലെന്നും അവർ പറഞ്ഞു.