കളിയാട്ടകളരിയില്‍ കലാമാമാങ്കത്തിന്റെ മൂന്നാം നാള്‍; പാലക്കാട് മുന്നില്‍ കണ്ണൂരില്‍ കലാമേള കാണാന്‍ വന്‍തിരക്ക്

single-img
18 January 2017

 

 

കണ്ണൂര്‍:സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം നാളിലേക്ക്. 234 ഇനങ്ങളില്‍ 51 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാലക്കാട് 181 പോയന്റുമായി മുന്നിലാണ്. 179 പോയന്റ് വീതം നേടി കണ്ണൂരും കോഴിക്കോടും തൊട്ടുപിന്നിലുണ്ട്.കലാമേള കാണാന്‍ വന്‍തിരക്കാണ് ഇത്തവണ ഉള്ളത്.

കുച്ചിപ്പുടിയും ഒപ്പനയും അരങ്ങേറ്റംകുറിച്ച പൊലീസ് മൈതാനിയിലെ നിളയിലേക്ക് ജനപ്രവാഹമാണ്. കലക്ടറേറ്റ് മൈതാനത്തെ ചന്ദ്രഗിരിയില്‍ കേരളനടനവും തിരുവാതിരയും കാണാന്‍ നിരവധി പേരാണ് എത്തിയത്. അതേസമയം ഒപ്പനയുടെ എണ്ണത്തിലുണ്ടായ വര്‍ധന കാരണം മത്സരം അര്‍ധരാത്രിവരെ നീണ്ടു. രണ്ടാം വേദിയില്‍ രാവിലെ ഒമ്പതരക്ക് തുടങ്ങിയ കേരളനടനത്തില്‍ 31 പേരുണ്ടായിരുന്നു. അപ്പീലുകളുടെ പ്രവാഹംതന്നെയാണ് മത്സരം രാവോളം നീളാന്‍ കാരണം.

മൂന്നാം വേദിയില്‍ ആടിയത് 38 മോഹിനിമാര്‍. അപ്പീലുകളുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധന കാരണം അഞ്ച് മണിക്കൂറാണ് മത്സരം വൈകിയത്. ആദ്യ ദിനത്തില്‍ 335 അപ്പീലുകള്‍ ലഭിച്ചെങ്കില്‍ ചൊവ്വാഴ്ച അത് 642 ആയി. ഗ്രൂപ്പിനങ്ങള്‍കൂടി പരിഗണിക്കുമ്പോള്‍ അപ്പീല്‍ എണ്ണം 2436 ആണ്. മേളയുടെ സകല ക്രമവും ഇതോടെ താളംതെറ്റി. കോടതി വഴിയും ബാലാവകാശ കമീഷന്‍ വഴിയുമാണ് കൂടുതല്‍ അപ്പീലുകള്‍ എത്തിയത്.കണ്ണൂരുകാര്‍ക്ക് കലാമേള ഉല്‍സവദിനങ്ങളാണ്

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ണൂരില്‍ കലോത്സവം എത്തുന്നത്. വേദികളിലെല്ലാം ആളുകള്‍ നിറഞ്ഞുകവിഞ്ഞു.ഇരുപത് വേദികള്‍ക്കും നദികളുടെ പേരാണ്. കുച്ചുപ്പുടി, ഒപ്പന, കേരളനടനം എന്നീ ഗ്ലാമര്‍ ഇനങ്ങള്‍ നടക്കുന്ന വേദിയില്‍ മാത്രമല്ല വൃന്ദവാദ്യം, ശാസ്ത്രീയ സംഗീതം, പ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ നടക്കുന്ന വേദികളിലും തിരക്കാണ്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിന് ജനപങ്കാളിത്തം കുറവായിരുന്നെന്നൊരു ആക്ഷേപമുണ്ടായിരുന്നു. മിക്ക വേദികളിലും കാണികളുടെ സീറ്റില്‍ മത്സരാര്‍ഥികളുടെ രക്ഷിതാക്കള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കലയുടെ ആസ്വാദകരുള്ള കണ്ണൂരിലെ കലോത്സവവേദികളിലേക്ക് ജനപ്രവാഹമാണ്.