മോദിയ്ക്കും നോട്ട് നിരോധനത്തിനുമെതിരെ ആഞ്ഞടിച്ച് ശിവസേന, നോട്ട് നിരോധനമെന്ന അണുബോംബ് പതിച്ച് തകര്‍ന്നുതരിപ്പണമായിരിക്കുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്നും ശിവസേന

single-img
18 January 2017

 

മുംബൈ : രാജ്യത്തെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ അണുബോംബിനോട് ഉപമിച്ചും കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന. രണ്ടാം ലോകമഹായുദ്ധ കാലത്ത് അണുബോംബ് പതിച്ച് തകര്‍ന്നുതരിപ്പണമായ ജപ്പാന്‍ നഗരങ്ങളായ ഹിരോഷിമയുടെയും നാഗസാക്കിയുടെയും അവസ്ഥയിലാണ് നോട്ട് അസാധുവാക്കലിനു ശേഷമുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌ന ചൂണ്ടിക്കാട്ടി.

മോദി ആരെയും വകവയ്ക്കാതെ ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുകയാണെന്നും വിമര്‍ശനമുണ്ട്. അണുബോംബ് വര്‍ഷിച്ച് പ്രധാനമന്ത്രി മോദി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഹിരോഷിമയ്ക്കും നാഗസാക്കിക്കും തുല്യമാക്കിയെന്നായിരുന്നു ലേഖനത്തിലൂടെയുള്ള ശിവസേനയുടെ വിമര്‍ശനം. ഇതോടെ എല്ലാവരും കൊല്ലപ്പെട്ടിരിക്കുകയാണെന്നും ലേഖനത്തിലുണ്ട്.

ആരെയും വകവയ്ക്കാതെയാണ് 2016 നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കാന്‍പോലും പ്രധാനമന്ത്രി തയാറായില്ല. കാബിനറ്റ് യോഗങ്ങളില്‍ നിശബ്ദരായിരിക്കാന്‍ ബധിരരും ഊമകളുമായ തത്തകളെ (മന്ത്രിമാരെ) തിരഞ്ഞെടുത്തതുപോലെ ഉര്‍ജിത് പട്ടേലിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കിയിരിക്കുകയാണ് മോദി.

നോട്ട് അസാധുവാക്കല്‍ നിമിത്തം ഭീകരര്‍ക്ക് ലഭിച്ചിരുന്ന ഫണ്ടുകളില്‍ വന്‍കുറവ് വന്നതായി ബിജെപി അവകാശപ്പെട്ട പശ്ചാത്തലത്തില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുശേഷം അതിര്‍ത്തിയില്‍ എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ആകെ ആടിയുലയുന്ന അവസ്ഥയിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്നും ശിവസേന വിമര്‍ശിക്കുന്നു. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിലും മഹാരാഷ്ട്രയിലും ബിജെപിയുടെ സഖ്യകക്ഷിയാണ് ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന. ആദ്യം മുതലേ നോട്ട് അസാധുവാക്കലിനോട് അനുകൂല നിലപാടായിരുന്നില്ല ശിവസേനയുടേത്.