ഫോണിലെ ചാര്‍ജ് കളയുമെന്ന ഭയം വേണ്ട ഫെയ്സ്ബുക്കും മെസഞ്ചറും ഇനി ഇഷ്ടം പോലെ ഉപയോഗിക്കാം

single-img
13 January 2017

ഫോണിലെ ചാര്‍ജ് തീരുമെന്ന ഭയം ഇനി വേണ്ട.ഫെയ്‌സ്ബുക്കും മെസ്സഞ്ചറും ഇഷ്ടം പോലെ ഉപയോഗിക്കാം.എഫ്ബി മെസഞ്ചര്‍ തലവനായ ഡേവിഡ് മാര്‍ക്കസ് ട്വിറ്ററിലൂടെയാണ് ഈ പ്രശ്നങ്ങളെല്ലാം തങ്ങള്‍ പരിഹരിച്ചുവെന്ന് പറയുന്നത്. അപ്ഡേറ്റ് ലഭിക്കണമെങ്കില്‍ മെസഞ്ചര്‍ റീസ്റ്റാര്‍ട്ട് ചെയ്യുകയേ വേണ്ടൂ എന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നു.

മുന്‍പ് എഫ്ബി മെസഞ്ചര്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ വളരെ പെട്ടെന്ന് ചാര്‍ജ് തീര്‍ന്നുപോകുന്നതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. ഫെയ്സ്ബുക്ക് ആപ്പ് ഉപയോഗിക്കുന്ന ഓരോ മിനിറ്റിലും ഒരു ശതമാനം ബാറ്ററി ചാര്‍ജ് കുറഞ്ഞു കൊണ്ടിരിക്കുന്നുവെന്ന് ട്വിറ്ററില്‍ ചില ഉപഭോക്താക്കള്‍ കുറിച്ചിരുന്നു.

കഴിഞ്ഞ മാസം മെസഞ്ചര്‍ ആപ്പില്‍ ഫെയ്സ്ബുക്ക് ചില പരിഷ്‌കാരങ്ങള്‍ നടത്തിയിരുന്നു.ക്യാമറയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പുതിയ ഡിസൈനില്‍ 3ഡി മാസ്‌ക്സ്, ടെക്സറ്റ് ആര്‍ട്ട്വര്‍ക്കുകള്‍ എന്നിവയും ഉള്‍പ്പെടുത്തി. ഗ്രൂപ്പ് വിഡിയോ കോള്‍ സംവിധാനവും പുതുതായി ചേര്‍ത്ത ഫീച്ചറുകളില്‍ ഉള്‍പ്പെടും.

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എക്കാലത്തേയും വലിയ പരാതിയായിരുന്നു എളുപ്പത്തില്‍ തീര്‍ന്നു പോകുന്ന ബാറ്ററിയും, വേഗതക്കുറവും. എന്നാല്‍ ഈ പ്രശ്നങ്ങളിലെ യഥാര്‍ത്ഥ വില്ലന്‍ ഫെയ്സ്ബുക്കാണെന്നാണ് ചിലര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഫെയ്സ്ബുക്ക് ആപ്പിനൊപ്പം ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനും ഫോണിന്റെ കാര്യക്ഷമത കുറയ്ക്കുന്നുവെന്നാണ് കണ്ടെത്തിയിരുന്നത്. ഫോണിലെ ഈ രണ്ട് ആപ്പുകളും ഒഴിവാക്കിയാല്‍ 20 ശതമാനം വരെ ബാറ്ററി ബാക്കപ്പ് വര്‍ധിപ്പിക്കാന്‍ കഴിയും.