ജിഷ്ണുവിന്റെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത നീക്കാന്‍ അന്വേഷണം  ക്രൈംബ്രാഞ്ചിന്

single-img
11 January 2017
തൃശ്ശൂര്‍: കോഴിക്കോട് സ്വദേശിയായ ജിഷ്ണു പ്രണവിന്റെ ആത്മഹത്യ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. തൃശ്ശൂര്‍ റൂറല്‍ ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് നിലവില്‍ അന്വേഷണ ചുമതല. ഇദ്ദേഹം അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്നതിനാല്‍ പുതിയ ഉദ്യോഗസ്ഥനാകും കേസ് അന്വേഷിക്കുക.
തൃശ്ശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത് കുമാറാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ ദുരൂഹതകള്‍ കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ഉദ്ദേശം. പോസ്റ്റ് മോര്‍ട്ടം സമയത്ത് ജിഷ്ണുവിന്റെ ശരീരത്തില്‍ കണ്ട മുറിവുകളെപ്പറ്റിയും അന്വേഷിക്കും. അടുത്ത ദിവസം തന്നെ ക്രൈംബ്രാഞ്ച് സംഘം കോളജിലെത്തി തെളിവെടുക്കും. അധ്യാപകരുള്‍പ്പെടെയുള്ളവരില്‍ നിന്ന് സംഘം മൊഴിയെടുത്തേക്കുമെന്നും സൂചനയുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരമാണ് പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയി (18)യെ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഓന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജിഷ്ണു. കോപ്പിയടിച്ചതിന്റെ പേരില്‍ ജിഷ്ണുവിനെ താക്കീത് ചെയ്തിരുന്നതായി കോളെജ് അധികൃതര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ കോളേജിന്റെ വാദങ്ങള്‍ കേരള സങ്കേതിക സര്‍വകലാശാല തള്ളിക്കളഞ്ഞു. ജിഷ്ണു കോപ്പിയടിച്ചതായി തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് മര്‍ദ്ദിച്ചതായും ഇതിന്റെ പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.