തമിഴ്‌നാടിനെ കുറിച്ച് അമ്മ കണ്ട സ്വപ്‌നങ്ങള്‍ സഫലീകരിക്കും;ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റു

single-img
31 December 2016

 


ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം അടക്കമുള്ള നേതാക്കളെ സാക്ഷി നിര്‍ത്തിയാണ് ശശികല പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശശികല, ജലയളിതയുടെ ഓര്‍മയില്‍ കണ്ണീരണിഞ്ഞു. ‘അമ്മ’ (ജയലളിത) ഇന്ന് നമ്മോടൊപ്പം ഇല്ലെങ്കിലും അടുത്ത 100 വര്‍ഷം അണ്ണാ ഡിഎംകെ തന്നെ തമിഴ്‌നാട് ഭരിക്കുമെന്ന് അണികളോടായി അവര്‍ പറഞ്ഞു. ജലയളിതയെ ഓര്‍മിപ്പിക്കുന്ന വേഷവിധാനങ്ങളോടെയാണ് ശശികല പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനെത്തിയത്.

എന്റെ ജീവിതം തന്നെ അമ്മയാണ്. ഇപ്പോഴും തന്റെ ചിന്തകളില്‍ നിറയെ അമ്മയെക്കുറിച്ചുള്ള ചിന്തകളും വേവലാതികളുമാണെന്നും ശശികല വ്യക്തമാക്കി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിളങ്ങുന്ന സ്ത്രീമുഖമെന്ന നിലയില്‍ ഇന്ദിരാഗാന്ധിയെ മാത്രം ഉയര്‍ത്തിക്കാട്ടാനുണ്ടായിരുന്ന ഒരു കാലത്താണ് സര്‍വ പാരമ്പര്യങ്ങളെയും തകര്‍ത്തെറിഞ്ഞ് ജയലളിത ചരിത്രം കുറിച്ചതെന്നും ശശികല പറഞ്ഞു.

അണ്ണാ ഡിഎംകെ സര്‍ക്കാര്‍ ജനങ്ങളുടെ സ്വന്തം സര്‍ക്കാരാണ്. അമ്മ തെളിച്ചുതന്ന പാതയിലൂടെത്തന്നെ ഈ സര്‍ക്കാര്‍ മുന്നോട്ടുപോകും. ഇനിയുള്ള എന്റെ ജീവിതം ഈ പാര്‍ട്ടിക്കുവേണ്ടിയും തമിഴ്‌നാട്ടിലെ കോടിക്കണക്കിന് ജനങ്ങള്‍ക്കുവേണ്ടിയുമാണ്. തമിഴ്‌നാടിനെക്കുറിച്ച് അമ്മ കണ്ട സ്വപ്നങ്ങള്‍ സഫലീകരിക്കുമെന്നും ശശികല വ്യക്തമാക്കി.

മുഖ്യമന്ത്രി പനീല്‍സെല്‍വം ഉള്‍പ്പെടെ തമിഴ്‌നാട് മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും എംഎല്‍എമാരും ലോക്‌സഭ ഡപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ അടക്കമുള്ള നേതാക്കളും ശശികലയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു.