ജീവനക്കാരുടെ പിഴവുമൂലം ബസ് സര്‍വീസ് മുടങ്ങിയാല്‍ കുറ്റക്കാരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ എം.ഡി.യുടെ കര്‍ശന നിര്‍ദേശം;കണ്ടക്ടറും ഡ്രൈവറുമില്ലാത്തതിനാല്‍ ദിവസം മുടങ്ങുന്നത് ഇരുന്നൂറിലേറെ സർവീസുകൾ

single-img
31 December 2016


സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സി.യിൽ ജീവനക്കാരുടെ പിഴവുമൂലം ബസ് സര്‍വീസ് മുടങ്ങിയാല്‍ കുറ്റക്കാരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ എം.ഡി.യുടെ കര്‍ശന നിര്‍ദേശം.ദിവസവും കണ്ടക്ടറും ഡ്രൈവറുമില്ലാത്തതിനാല്‍ ഇരുന്നൂറിലേറെ സർവീസുകളാണു കെ.എസ്.ആര്‍.ടി.സി.യിൽ മുടങ്ങുന്നത്.നല്ല വരുമാനമുള്ള സര്‍വീസുകള്‍പോലും ജീവനക്കാര്‍ ഹാജരാകാത്തതിനാല്‍ മുടങ്ങുന്നുണ്ട്. ഇതൊഴിവാക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയാണ് ഉത്തരവ്.
ബസ് പുറപ്പെടാന്‍ സമയമാകുമ്പോള്‍ ഡ്രൈവറും കണ്ടക്ടറും കാണില്ല. ഡ്യൂട്ടിയിലുള്ളവര്‍ അപ്രതീക്ഷിത അവധിയില്‍ പ്രവേശിക്കും. ഇത്തരം സംഭവങ്ങള്‍ വന്‍ നഷ്ടമാണ് കോര്‍പ്പറേഷനുണ്ടാക്കുന്നത്. ഈ വീഴ്ച ഡിപ്പോതലത്തില്‍ തൊഴിലാളി യൂണിയനുകള്‍ ഇടപെട്ട് ഒതുക്കിത്തീര്‍ക്കുകയാണ് ഇതുവരെ ഉണ്ടായിരുന്ന പതിവ്

ഡിപ്പോതലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരംനല്‍കുന്ന മറ്റു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ മാതൃകയാണ് കെ.എസ്.ആര്‍.ടി.സി.യും സ്വീകരിക്കുന്നത്.
യൂണിറ്റ് മേധാവിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാം. അച്ചടക്കനടപടി സ്വീകരിച്ചശേഷം ചീഫ് ഓഫീസില്‍ അറിയിച്ചാല്‍മതി. കുറ്റപത്രം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് പിന്നീട് ചീഫ് ഓഫീസില്‍ നല്‍കണം.യൂണിറ്റുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന നിര്‍ദേശം കെ.എസ്.ആര്‍.ടി.സി. തയാറാക്കിയ രക്ഷാ പാക്കേജിലും ഉണ്ടായിരുന്നു.