ജിയോയെ വെല്ലുവിളിച്ച് ബിഎസ്എന്‍എല്‍; 99 രൂപക്ക് അണ്‍ലിമിറ്റഡ് കോളും ഡാറ്റയും

single-img
17 December 2016

 

bsnl-jio

ടെലികോം സേവന ദാതാക്കളായ ജിയോയും ബിഎസ്എന്‍എല്ലും വീണ്ടും മത്സരത്തിന്റെ പാതയിലാണ്. സൗജന്യങ്ങളുമായി മുന്നേറുന്ന ജിയോയെ പിടിച്ചുകെട്ടാന്‍ ഏതറ്റം വരെയും പോകാനുറച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. ഇതിനായി അണ്‍ലിമിറ്റഡ് കോളുകളും ലിമിറ്റഡ് ഡേറ്റയും നല്‍കുന്ന പുത്തന്‍ ഓഫറുകളുമായിട്ടാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. ജിയോ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടിയതാണ് ബിഎസ്എന്‍എല്ലിനെ പുതിയ പ്രഖ്യാപനത്തിന് പ്രേരിപ്പിച്ചത്.

99 രൂപയ്ക്ക് ബിഎസ്എന്‍എല്‍ ടു ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ കോളുകളും 300 എംബി ഡേറ്റയുമാണ്. 28 ദിവസമാണ് കാലാവധി. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍ ലഭിക്കുക. വാര്‍ത്താ കുറിപ്പിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. കൊല്‍ക്കത്ത, ടിഡി, പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ആസാം, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സര്‍ക്കിളുകളിലാണ് ഈ ഓഫര്‍ ലഭിക്കുക.

മറ്റ് സര്‍ക്കിളുകളില്‍ നിരക്ക് 119 മുതല്‍ 149 രൂപ വരെയാണ്. ഇതിന് പുറമെ പുതിയ കോംബോ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 339 രൂപയ്ക്ക് ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളുകളും ഒരു ജിബി ഡേറ്റയും കോംബോ ഓഫര്‍ നല്‍കുന്നു. 28 ദിവസമാണ് കാലാവധി. നിലവില്‍ 1099 രൂപയ്ക്ക് 30 ദിവസത്തെ കാലാവധിയില്‍ അണ്‍ലിമിറ്റഡ് 3ജി ഓഫര്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്.

അടുത്തിടെ 149 രൂപയുടെ ഓഫറും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്ലാന്‍ പ്രകാരം റിചാര്‍ജ് ചെയ്താല്‍ ലോക്കല്‍, നാഷണല്‍ കോള്‍ സൗജന്യമായി ലഭിക്കും. ഒപ്പം 300 എംബി നെറ്റ് ഡാറ്റ, എന്നിവയും ലഭിക്കും. ഒരു മാസത്തേക്കാണ് പ്ലാന്‍. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കുമെന്ന് ചെയര്‍മാന്‍ അനൂപം ശ്രീവാസ്തവ പറഞ്ഞു. 2017 മുതലാണ് ഈ ഓഫര്‍ നിലവില്‍ വരിക. റിലയന്‍സ് ജിയോയുടെ വരവോടെയാണ് രാജ്യത്ത് ടെലികോം സേവന ദാതാക്കള്‍ തമ്മിലുള്ള ഓഫര്‍ പോര് മുറുകിയത്.