വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം വേണ്ടെന്നു ഹൈക്കോടതി

single-img
8 December 2016

jacob-thomasകൊച്ചി:സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ കോളജില്‍ ജോലി ചെയ്ത് ശമ്പളം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേരളാ ഹൈക്കോടതി.

കേസെടുക്കാന്‍ പര്യാപ്തമായ വസ്തുതകള്‍ ഹര്‍ജിയില്‍ ഇല്ലെന്നു കോടതി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി.

കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ എംഡിയായിരിക്കെ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ശമ്പളം വാങ്ങി ജോലി ചെയ്ത കേസില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നായിരുന്നു കൂത്തുപറമ്പു സ്വദേശിയായ സത്യന്‍ നരവൂറിന്റെ ഹര്‍ജിയിലെ ആരോപണം.

പിന്നീട് ജേക്കബ് തോമസ് പ്രതിഫലം തിരികെ നല്‍കിയിരുന്നു. ഇതില്‍ വീണ്ടും അന്വേഷണം നടത്താന്‍ പര്യാപ്തമായ വസ്തുതകള്‍ ഇല്ലെന്നതാണ് കോടതിയുടെ നിരീക്ഷണം.

ഹര്‍ജിക്കാരന്റെ പരാതിയില്‍ കഴമ്പില്ലെന്നും ജേക്കബ് തോമസിനോടു ഹര്‍ജിക്കാരനു വ്യക്തിവൈരാഗ്യമുണ്ടെന്നും സര്‍ക്കാരിനു വേണ്ടി പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി എല്‍.ടി.സന്തോഷ് കുമാര്‍ നല്‍കിയ മറുപടി സത്യവാങ്മൂലം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ലാത്ത ഹര്‍ജിയില്‍ അന്വേഷണത്തിനു തയാറാണെന്ന് അറിയിച്ച സിബിഐയുടെ നടപടി അനാവശ്യവും ദുരൂഹവുമാണെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചു.